കാസർകോട്: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് കാസർകോട് ഉപ്പളയിൽ തുടക്കമായി. ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. അഞ്ചു വർഷം കൊണ്ട് പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കാൻ സർക്കാർ ശ്രമിച്ചെന്ന് ജാഥ ഉദ്ഘാടനം ചെയ്‌തുകൊണ്ട് പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷത്തിനൊപ്പം കേന്ദ്ര ഏജൻസികളും ചില മാധ്യങ്ങളും ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചപ്പോൾ ജനങ്ങൾ എൽഡിഎഫിനായി കരുത്തുറ്റ കോട്ട തീർത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി - പിണറായി വിജയൻ
അഞ്ചു വർഷം കൊണ്ട് പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കാൻ ശ്രമിച്ചെന്ന് ജാഥ ഉദ്ഘാടനം ചെയ്‌തുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.
യുഡിഎഫിനെയും ബിജെപിയെയും മുസ്ലിം ലീഗിനെയും ഒരുപോലെ വിമർശിച്ചായിരുന്നു ജാഥ ക്യാപ്റ്റൻ എ വിജയരാഘവൻ സംസാരിച്ചത്. സർക്കാരിനെ തകർക്കാൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് ടൺ കണക്കിന് കളവുകളാണ് പ്രചരിപ്പിച്ചതെന്ന് വിജയരാഘവൻ പറഞ്ഞു. അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും പ്രതിപക്ഷത്തെ കടന്നാക്രമിച്ചുമാണ് എൽഡിഎഫിൻ്റെ വികസന മുന്നേറ്റ ജാഥ ആരംഭിച്ചത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വടക്കന്‍ മേഖലാ ജാഥ പര്യടനം നടത്തുന്നത്. ഫെബ്രുവരി 26 ന് ജാഥ തൃശൂരിൽ സമാപിക്കും. സിപിഐ നേതാവ് ബിനോയ് വിശ്വം നയിക്കുന്ന ജാഥ ഞായറാഴ്‌ച എറണാകുളത്ത് നിന്നും ആരംഭിക്കും.