കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന പരാജയം വിലയിരുത്തുമ്പോള്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായ വോട്ടുചോര്‍ച്ചയാണ് കാസര്‍കോട്ടെ സിപിഎം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയമാണ് കെ പി സതീഷ് ചന്ദ്രന്‍ നേരിട്ടത്. പരമ്പരാഗത വോട്ടുകള്‍ പോലും സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നടന്ന രാഷ്ട്രീയ കൊലപാതകവും വോട്ടുചോര്‍ച്ചയ്ക്ക് കാരണമായെന്ന് വിലയിരുത്തപ്പെടുന്നു. ഇടതുമുന്നണിയുടെ ഉറച്ച സീറ്റെന്ന് അവകാശപ്പെട്ടിരുന്ന മണ്ഡലം വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിച്ചത്.
അടിയൊഴുക്കില്‍ അടിപതറി കാസര്‍കോട്ടെ ഇടതുപക്ഷം - k p satheesh chandran
എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ പി സതീഷ് ചന്ദ്രന് മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ച കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ ആണ് വോട്ട് ചോര്‍ച്ച ഏറ്റവും പ്രകടമായത്.
ന്യൂനപക്ഷ ഏകീകരണം, ശബരിമല തുടങ്ങിയ വിഷയങ്ങള്‍ തിരിച്ചടിയായെന്ന് പറയാമെങ്കിലും ഇടതിന്‍റെ ശക്തി കേന്ദ്രങ്ങളിലെ വോട്ടുകളില്‍ വരെ വിള്ളല്‍ വീഴ്ത്തിയ ഘടകം എന്താണ് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വരുത്താന്‍ നേതൃത്വത്തിന് ആയിട്ടില്ല. വര്‍ഷങ്ങളായി ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലും ഇടത് സ്ഥാനാര്‍ഥി പിന്തള്ളപ്പെട്ടു. കെ പി സതീഷ് ചന്ദ്രന് മൃഗീയ ഭൂരിപക്ഷം പ്രതീക്ഷിച്ച കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലാണ് വോട്ട് ചോര്‍ച്ച പ്രകടമായത്. ഇരു മണ്ഡലങ്ങളിലുമായി 30,000 വോട്ടിന്‍റെ ലീഡ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചത് അയ്യായിരത്തോളം വോട്ടിന്‍റെ ലീഡ് മാത്രമാണ്. കല്യാശേരിയിലും തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് വലിയ തിരിച്ചടിയായി. പരമ്പരാഗത വോട്ടുകള്‍ പോലും ലഭിക്കാതെ വന്നതിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിക്കേണ്ട സ്ഥിതിയിലാണ് കാസര്‍കോട്ടെ ഇടത് നേതൃത്വം.