കേരളം

kerala

By

Published : Apr 1, 2021, 5:38 PM IST

ETV Bharat / state

വികസനത്തില്‍ പഴിചാരി സ്ഥാനാർഥികൾ: തൃക്കരിപ്പൂരില്‍ തെരഞ്ഞെടുപ്പ് ആവേശം

കാസര്‍കോട് പ്രസ് ക്ലബിന്‍റെ പഞ്ചസഭ പരിപാടിയിലാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ മുഖാമുഖം എത്തിയത്.

LDF UDF NDA Candidates in Thrikkarippoor  തൃക്കരിപ്പൂരിലെ മുന്നണി സ്ഥാനാർഥികൾ  Candidate in Thrikkarippoor
പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് തൃക്കരിപ്പൂരിലെ മുന്നണി സ്ഥാനാർഥികൾ

കാസർകോട്: മലയോരവും തീരദേശവും ഉള്‍ക്കൊള്ളുന്ന തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ അടിസ്ഥാന വികസനത്തെച്ചൊല്ലി കൊമ്പു കോര്‍ത്ത് മുന്നണി സ്ഥാനാര്‍ഥികള്‍. 1,400 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയെന്ന് സിറ്റിങ് എംഎല്‍എയും ഇടതും സ്ഥാനാര്‍ഥിയുമായ എം.രാജഗോപാലന്‍ അവകാശപ്പെട്ടു. റോഡുകളില്ലാത്തെ മറ്റു മേഖലകളിലെ വികസനങ്ങളെന്തെല്ലാമാണന്ന മറുചോദ്യമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി എംപി ജോസഫും എന്‍ഡിഎ സ്ഥാനാര്‍ഥി ടിവി ഷിബിനും ഉന്നയിച്ചത്. കാസര്‍കോട് പ്രസ് ക്ലബിന്‍റെ പഞ്ചസഭ പരിപാടിയിലാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ മുഖാമുഖം എത്തിയത്. തെരഞ്ഞെടുപ്പ് ഗോദയിലെ പ്രസംഗങ്ങള്‍ക്കപ്പുറം ആശയ സംവാദത്തിനും കൂടിയുള്ള ഇടമായി പഞ്ചസഭ മാറി.

പരസ്‌പരം ആരോപണങ്ങൾ ഉന്നയിച്ച് തൃക്കരിപ്പൂരിലെ മുന്നണി സ്ഥാനാർഥികൾ

കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അഞ്ച് ശതമാനം റോഡ് മാത്രമായിരുന്നു മെക്കാഡാം ചെയ്തതെങ്കില്‍ ഇപ്പോള്‍ അത് 94 ശതമാനം പൂര്‍ത്തിയാക്കിയതായി ഇടത് സ്ഥാനാർഥിയായ രാജഗോപാലന്‍ പറഞ്ഞു. അടിസ്ഥാന വികസനം വന്നാല്‍ മാത്രമേ മറ്റു വികസനങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിക്കുള്ളുവെന്നും രാജഗോപാലൻ പറഞ്ഞു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വന്ന മെക്കാഡാം റോഡുകള്‍ മണ്ഡലത്തിലെത്താന്‍ വൈകിയെങ്കില്‍ അതിന് കാലാകാലങ്ങളില്‍ ഭരിച്ചവരാണ് ഉത്തരവാദികള്‍ എന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എംപി ജോസഫ് പറഞ്ഞു. മലയോരമേഖലയിലടക്കം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനാണ് ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 13വര്‍ഷം മുമ്പ് സൈബര്‍പാര്‍ക്കിന് തറക്കല്ലിട്ടതല്ലാതെ അതിന് മുകളില്‍ ഒരു കല്ലിടാന്‍ ഇവിടുത്തെ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി ടിവി ഷിബിന്‍ കുറ്റപ്പെടുത്തി. മണ്ഡല വികസനം മുരടിപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും തികഞ്ഞ സൗഹൃദത്തിലാണ് മത്സരമെന്ന് തെളിയിക്കുന്ന രംഗങ്ങളും പഞ്ചസഭയില്‍ ദൃശ്യമായി. എല്ലാവരും പരസ്പരം വിജയാശംസകള്‍ കൈമാറിയത് കൗതുകമായി.

ABOUT THE AUTHOR

...view details