കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസന കാഴ്‌ചപ്പാടുകളുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആദ്യഘട്ടം പിന്നിടുമ്പോഴാണ് എല്‍ഡിഎഫ് പ്രകടന പത്രികയുമായി ജനങ്ങളെ സമീപിക്കുന്നത്. 15 മേഖലകളിലായി 66 ഇന കര്‍മപദ്ധതികളാണ് പ്രകടന പത്രികയിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ ഇടതുമുന്നണി വെക്കുന്നത്. സമഗ്രവികസനത്തിനും സാമൂഹ്യ മൈത്രിക്കും ഒരു വോട്ട് എന്ന മുദ്രാവാക്യവുമായാണ് ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജില്ലാ പഞ്ചായത്തിന്‍റെ ഭരണസാരഥ്യത്തില്‍ ഇടത് മുന്നണിയുണ്ടായിരുന്നപ്പോഴത്തെ നേട്ടങ്ങളും പ്രകടന പത്രിക വിശദീകരിക്കുന്നു.
കാസര്‍കോടിന്‍റെ സമഗ്ര വികസന ലക്ഷ്യവുമായി ഇടതുമുന്നണിയുടെ പ്രകടന പത്രിക - കാസര്‍കോടിന്‍റെ സമഗ്ര വികസന ലക്ഷ്യം
15 മേഖലകളിലായി 66 ഇന കര്‍മപദ്ധതികളാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക മുന്നോട്ട് വെക്കുന്നത്.
കാര്‍ഷിക മേഖല, മണ്ണ്- ജല സംരക്ഷണം, മൃഗ സംരക്ഷണം, മാലിന്യ സംസ്‌കരണം തുടങ്ങി 15 മേഖലകളിലാണ് വികസന കാഴ്‌ചപ്പാടുകള്‍ പങ്കുവെക്കുന്നത്. വിഷന്‍ 2050 എന്ന പേരില്‍ സമഗ്ര വികസന പദ്ധതി തയ്യാറാക്കുമെന്നാണ് ഇടതുമുന്നണി വാഗ്ദാനങ്ങളില്‍ പ്രധാനം. കൊവിഡാനന്തര ജില്ലയുടെ അതിജീവനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകള്‍ പോലും കൃത്യമായി പ്രയോജനപ്പെടുത്തുന്നതില്‍ നിലവിലെ ഭരണസമിതി പരാജയപ്പെട്ടുവെന്ന് ഇടതുമുന്നണി ആരോപിച്ചു. ജനങ്ങള്‍ക്ക് മുന്‍പാകെ വികസന പരിപ്രേക്ഷ്യം അവതരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് മുന്നണി നേതൃത്വം. മുന്നണി ബന്ധങ്ങളിലുണ്ടായ മാറ്റങ്ങള്‍ ഇത്തവണ ഗുണം ചെയ്യുമെന്നും ഇത് കഴിഞ്ഞ തവണ നഷ്‌ടമായ ഡിവിഷനുകള്‍ തിരികെപ്പിടിക്കുന്നതിനും ജില്ലാ പഞ്ചായത്ത് ഭരണത്തിലേക്ക് തിരിച്ചു വരുന്നതിനും വഴിയൊരുക്കുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്