കാസര്‍കോട്:ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ആദിവാസി കുടുംബങ്ങള്‍ ആശിയ്ക്കും ഭൂമിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏഴ് വര്‍ഷം. കോടോം-ബേളൂർ, കുറ്റിക്കോൽ, ബേഡഡുക്ക, കള്ളാർ, പനത്തടി, വെസ്റ്റ് ഏളേരി, കിനാനൂർ-കരിന്തളം, പരപ്പ എന്നീ പഞ്ചായത്തുകളിലായി 600ലധികം കുടുംബങ്ങളാണ് ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് 25 സെന്‍റ് മുതൽ ഒരേക്കർ വരെ കൃഷിയിടം ലഭ്യമാകുന്നതായിരുന്നു 'ആശിയ്‌ക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതി.
2015ല്‍ ആരംഭിച്ച ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. സ്വന്തം അവകാശങ്ങള്‍ക്കായി നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാറിന്‍റെയോ ബന്ധപ്പെട്ട അധികൃതരുടെയോ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നാണ് ആദിവാസികളുടെ പരാതി. 2015 ല്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് കൈതാങ്ങാവാനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് 'ആശിയ്‌ക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് 25 സെന്‍റ് മുതൽ ഒരേക്കർ വരെ കൃഷിയിടം ലഭ്യമാകുന്നതായിരുന്നു പദ്ധതി. ഇതിന്‍റെ ഭാഗമായി 70 ഏക്കര്‍ ഭൂമി ആദിവാസി കുടുംബങ്ങള്‍ക്കായി ഏറ്റെടുത്ത് വിതരണം ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു. അതോടെ സര്‍ക്കാര്‍ വിലയ്‌ക്ക് വാങ്ങിയ 80 ഏക്കര്‍ ഭൂമി വിതരണവുമുണ്ടായില്ല.
പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ കൃഷിഭൂമി നല്‍കുക, ഭൂ ഉടമകള്‍ സമ്മതപത്രം നല്‍കിയ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് വിതരണം ചെയ്യുക തുടങ്ങിയവയാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തുമ്പോള്‍ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുമെങ്കിലും പിന്നീട് തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് കുടുംബങ്ങളുടെ പരാതി.
ഒരു ഘട്ടത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഭൂരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വകമാറ്റി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം ഉപേക്ഷിച്ചു. ആദിവാസി കുടുംബങ്ങൾക്കായി ജില്ലയിൽ ഏറ്റെടുത്ത 80 ഏക്കർ ഉൾപ്പടെ അർഹരായ മുഴുവൻ പേർക്കും അവകാശപ്പെട്ട ഭൂമി അടിയന്തരമായി വിതരണം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. സമരം നടത്തുമ്പോൾ വിഷയം ചർച്ച നടത്താമെന്ന് അധികൃതർ ഉറപ്പും നൽകും എന്നാൽ പിന്നീട് കലക്‌ടര്‍ ചർച്ച വേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നുവെന്നാണ് സമര സമിതിയുടെ ആരോപണം.