കാസർകോട് : ദേശീയപാത വികസനത്തിന്‍റെ ഭാഗമായി തലപ്പാടി-ചെങ്കള റീച്ചിൽ മാത്രം പൊളിക്കേണ്ടത് അറുന്നൂറോളം കെട്ടിടങ്ങൾ. ഇതിൽ പകുതി പൊളിച്ചുമാറ്റിയിട്ടുണ്ട്. ബാക്കിയുള്ളവ അന്തിമ ഘട്ടത്തിലാണ്. കെട്ടിടങ്ങൾക്ക് പുറമെ ബസ് ഷെൽട്ടറും മതിലും കമാനങ്ങളും ഭണ്ഡാരങ്ങളും ഉൾപ്പടെ 1200 സ്ഥാവര ജംഗമ വസ്‌തുക്കളും പൊളിച്ചുമാറ്റും.
കെട്ടിടങ്ങളിൽ ഭൂരിഭാഗവും പൊളിക്കേണ്ടത് ഉടമസ്ഥർ തന്നെയാണ്. ഇതിൽ നിന്നുമുള്ള സാധന സാമഗ്രികൾ ഉടമസ്ഥർക്ക് തന്നെ എടുക്കാം. നഷ്‌ട പരിഹാര തുകയിൽ നിന്നും കെട്ടിട മൂല്യത്തിന്‍റെ ആറുശതമാനം കുറച്ചുകിട്ടിയ ഭൂവുടമകൾ കെട്ടിട അവശിഷ്‌ടങ്ങൾ പെട്ടെന്ന് നീക്കണം. അല്ലെങ്കിൽ കെട്ടിട അവശിഷ്‌ടങ്ങളിൽ ഭൂവുടമകൾക്ക് യാതൊരു അവകാശവും ഉണ്ടാകില്ല.
ഒരുമാസം മുൻപ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടതായിരുന്നുവെങ്കിലും നീണ്ടുപോകുകയായിരുന്നു. ബാക്കിയുള്ള കെട്ടിടങ്ങൾ അടക്കമുള്ളവ കരാര്‍ കമ്പനിയായ ഊരാളുങ്കൽ പൊളിച്ചുമാറ്റും. ദേശീയപാത വികസന നടപടികൾ അതിവേഗത്തിൽ മുന്നോട്ടുപോകുന്നതിനായി അതോറിറ്റി അധികൃതർ പറയുന്നു.