കാസർകോട് :ശക്തമായ തിരയിൽ തോണി മറിഞ്ഞ് കടലിലകപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷിച്ച് കുഞ്ഞികൃഷ്‌ണൻ. കാഞ്ഞങ്ങാട് പുഞ്ചാവിയിലാണ് മാടായിക്കാവിലമ്മ എന്ന തോണി മറിഞ്ഞ് മൂന്ന് പേര്‍ കടലില്‍പ്പെട്ടത്. വാസവൻ, രാജൻ, സുരേശൻ എന്നിവരാണ് തോണിയിലുണ്ടായിരുന്നത്. മത്സ്യബന്ധനത്തിനിടെ കടലില്‍ മറിയുകയായിരുന്നു.
തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ കടലിലകപ്പെട്ടു ; സാഹസികമായി രക്ഷിച്ച് കുഞ്ഞികൃഷ്‌ണൻ - Kasargod Kanhangad Punchavi boat capsizes
കാഞ്ഞങ്ങാട് പുഞ്ചാവി കടലിൽ മത്സ്യബന്ധനത്തിന് പോയ വാസവൻ, രാജൻ, സുരേശൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്
ഈ സമയം കരയില്‍ ഉണ്ടായിരുന്ന നാൽപതുകാരനായ മത്സ്യത്തൊഴിലാളി കുഞ്ഞികൃഷ്‌ണന്‍ ശക്തമായി തിരകളെ മറികടന്ന് ജീവൻ പോലും പണയംവെച്ച് നീന്തി അതിസാഹസികമായി മൂന്നുപേരെയും രക്ഷിക്കുകയായിരുന്നു. അപകടത്തിൽ തോണിക്കും എഞ്ചിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഒരു ലക്ഷത്തോളം രൂപയുടെ നഷ്‌ടം സംഭവിച്ചതായി തൊഴിലാളികൾ പറയുന്നു. പുഞ്ചാവി കടപ്പുറത്തെ പ്രജീഷിന്‍റേതാണ് തോണി. സംഭവം അറിഞ്ഞ് കാഞ്ഞങ്ങാട് ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തിയിരുന്നു. കുഞ്ഞികൃഷ്‌ണന്‍റെ അവസരോചിതമായ ഇടപെടലിനെ അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ എ. നസറുദ്ദീന്‍റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ അഭിനന്ദിച്ചു.