കാസർകോട് :കുമ്പളയിൽ കാർ അപകടത്തിൽപ്പെട്ട് (Kasaragod Car Accident) വിദ്യാർഥി മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന (Kumbla Student Death). വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വൈഭവ് സക്‌സേന (Kasaragod SP on Farhas death). അന്വേഷണം പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് നൽകുമെന്നും ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. ഇന്നലെ (ഓഗസ്റ്റ് 29) രാവിലെയാണ്, കുമ്പളയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ഫര്‍ഹാസ് മരിച്ചത്. വെള്ളിയാഴ്‌ചയുണ്ടായ (ഓഗസ്റ്റ് 25) അപകടത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
ആരോപണവുമായി കുടുംബം :സംഭവത്തിന് പിന്നാലെ പൊലീസുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് കാര്‍ അപകടത്തില്‍പ്പെട്ടതെന്നും അതുകൊണ്ട് അവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ഫര്‍ഹാസിന്‍റെ മരണത്തിന് പിന്നാലെ പൊലീസുകാരെ സ്ഥലം മാറ്റുക മാത്രം ചെയ്‌തതില്‍ തൃപ്‌തരല്ലെന്നും കുടുംബം പറഞ്ഞു. ഇനി ആർക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. കുറ്റാരോപിതരായവരെ പൊലീസ് സംരക്ഷിക്കുന്ന നടപടിയാണുണ്ടായത്. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണം. ഏതറ്റം വരെയും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഫർഹാസിന്‍റെ കുടുംബം അറിയിച്ചു.