കാസർകോട് :കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ (Kumbala Student Death) വീണ്ടും മലക്കം മറിഞ്ഞ് പൊലീസ്. ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി(Transfer) ഉത്തരവിറക്കി. വ്യാഴാഴ്‌ച(31.08.2023) വൈകിട്ടാണ് ഉത്തരവ് പുറത്തുവന്നത്.
കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമിലേക്കാണ്(kanhangad controll room) എസ് ഐ രജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ദീപു എന്നിവരെ സ്ഥലം മാറ്റിയത്. ആരോപണ വിധേയർക്കെതിരെ നടപടിയെടുക്കാത്തതിനെതിരെ കുടുംബം രംഗത്ത് എത്തിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പൊലീസ് അന്വേഷണത്തെ വിശ്വസിക്കാൻ കഴിയില്ലെന്നായിരുന്നു ഫർഹാസിന്‍റെ കുടുംബത്തിന്‍റെ പ്രതികരണം. പൊലീസ് പല കളികളും കളിക്കുന്നുവെന്നും കൂടുതൽ തെളിവുകൾ തങ്ങളുടെ കൈയ്യിലുണ്ടെന്നും സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിക്കുമെന്നും ഫർഹാസിന്‍റെ കുടുംബം അറിയിച്ചിരുന്നു. ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി എന്ന് നേരത്തെ വാർത്ത പുറത്തുവന്നു.
എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച്(Crime Branch) റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ നടപടി സംബന്ധിച്ച് തീരുമാനം എടുക്കൂവെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്.
എസ്‌ഐയുടെ കുടുംബത്തിന് നേരെ ഭീഷണി(Threatening against si family): സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ ആരോപണ വിധേയനായ എസ്ഐ രജിത്തിന്‍റെ കുടുംബത്തിന് നേരെ ഭീഷണിയെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണ്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘമാണ് വീടിന് മുന്നിൽ നിന്ന് ഭീഷണി മുഴക്കിയത്.
ഇവര്‍ ഭീഷണി മുഴക്കുന്നതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. സംഭവത്തിൽ രജിത്തിന്‍റെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭീഷണി മുഴക്കിയവരെ തിരിച്ചറിഞ്ഞുവെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്‌ചയാണ്(25.08.2023) നിയന്ത്രണം വിട്ട് മറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെയാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച കാറിനെ പൊലീസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്തോടെയാണ് കുമ്പള പൊലീസിനെതിരെ പ്രതിഷേധവുമായി കുടുംബവും മുസ്ലിംലീഗും രംഗത്തെത്തിയത്. അഞ്ച് കിലോമീറ്റർ പൊലീസ് പിന്തുടർന്നു എന്നാണ് ആരോപണം.
പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
also read:Plus Two Student Car Accident Death കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല
അതേസമയം, പ്ലസ് ടു വിദ്യാര്‍ഥിയായ ഫര്‍ഹാസിന്‍റെ മരണത്തില്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം എസ്‌പി പറഞ്ഞിരുന്നു. കേസില്‍ എസ്‌ഐ രജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ദീപു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.