കാസര്‍കോട്:ഉപകരണങ്ങൾ ഇല്ലാത്തതിനാൽ കാസര്‍കോട് ഇനി ആരും കൃഷി ഇറക്കാതിരിക്കില്ല. 'ഒരു വീട് ഒരു കാർഷിക ഉപകരണം' പദ്ധതിയിലൂടെ കൃഷി ഉപകരണങ്ങൾ കുടുംബശ്രീ നല്‍കും. ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെയാണ് ട്രാക്‌ടറുകൾ, കൊയ്‌ത്തുയന്ത്രം, തൈനടീൽ യന്ത്രം, മരുന്ന് തളിക്കുന്ന ഡ്രോൺ എന്നിവ നൽകുന്നത്. ജില്ലയിൽ കൃഷി വ്യാപിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് ഈ സഹായം.
മെഷീനുകളില്ലാത്തതിനാല്‍ ഇനി ആരും കൃഷി ചെയ്യാതിരിക്കില്ല; 'ഒരു വീട് ഒരു കാർഷിക ഉപകരണം' പദ്ധതിയുമായി കാസര്‍കോട്ടെ കുടുംബശ്രീ - ഒരു വീട് ഒരു കാർഷിക ഉപകരണം പദ്ധതി
അത്യാധുനിക കാര്‍ഷികോപകരണങ്ങള്‍ നല്‍കി, കാസര്‍കോട് കൃഷി വ്യാപിപ്പിക്കാനാണ് 'ഒരു വീട് ഒരു കാർഷിക ഉപകരണം' പദ്ധതിയിലൂടെ കുടുംബശ്രീ നീക്കം
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള ബൃഹദ് പദ്ധതി. കൃഷി ഇറക്കാൻ തൊഴിലാളികളെ കിട്ടുന്നില്ലെന്ന അവസ്ഥ ഇല്ലാതാക്കാനും കാസർകോട്ടെ പാടങ്ങൾ കൃഷി സമ്പന്നമാക്കാനുമാണ് ലക്ഷ്യം. നാല് ട്രാക്‌ടറുകളിൽ രണ്ടുവീതം മുളിയാർ പഞ്ചായത്തിലെ പവിഴം, കൈരളി ജെഎൽജി സിഡിഎസുകള്‍ക്ക് നൽകിയിട്ടുണ്ട്. ചെറുവത്തൂർ സിഡിഎസ്, ടീം ബേഡകം അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവയും ഈ ട്രാക്‌ടറുകള്‍ കൈപ്പറ്റി. അഞ്ച് ട്രാക്‌ടറുകൾ കൂടി ലഭ്യമാക്കാനാണ് കുടുംബശ്രീയുടെ നീക്കം. 10.85 ലക്ഷം രൂപയാണ് ഒരു ട്രാക്‌ടറിന്. 28 ലക്ഷം രൂപയാണ് കൊയ്‌ത്തുയന്ത്രത്തിന്.
മുളിയാർ, ബേഡകം സിഡിഎസുകൾക്കാണ് തൈനടീൽ യന്ത്രം നല്‍കിയത്. 8.60 ലക്ഷം രൂപയുണ്ട് ഒന്നിന്. മുളിയാർ, ബേഡകം എന്നിവിടങ്ങളിലെ യൂണിറ്റുകള്‍ക്കാണ് ഡ്രോൺ നല്‍കിയത്. ആറു ലക്ഷം രൂപയുണ്ട് ഡ്രോണ്‍ ഒന്നിന്. കുടുംബശ്രീ അംഗങ്ങൾക്ക് ഉപകരണങ്ങളിൽ പരിശീലനം നൽകും. ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ട്. ജില്ലയിൽ നിരവധി പാടങ്ങളാണ് തരിശായി കിടക്കുന്നത്. തൊഴിലാളികളെ കിട്ടാത്തതാണ് ഇതിനുകാരണം. ഉപകരണങ്ങൾ ലഭിച്ചതോടെ കുടുംബശ്രീ അംഗങ്ങൾ അടങ്ങുന്ന കർഷകർ പ്രതീക്ഷയിലാണ്.