കാസർകോട് :ചിറ്റാരിക്കാൽ കാറ്റാംകവല കയറ്റത്തിൽ നിയന്ത്രണം വിട്ട് പിറകോട്ട് പോയ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കാറ്റാം കവല സ്വദേശി പരേതനായ ജോസഫ് - മേരി ദമ്പതികളുടെ മകൻ ടാപ്പിങ് തൊഴിലാളിയായ കപ്പി മാക്കൽ ജോഷിയാണ്(40) മരിച്ചത്. കാറ്റാംകവലയിലെ പാൽ സൊസൈറ്റിയിലേക്ക് ബൈക്കിൽ വീട്ടിൽ നിന്നും പാലുമായി പോകവെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട് പിറകോട്ടുപോയ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം - കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് അപകടം
കെഎസ്ആർടിസി ബസ് കാറ്റാംകവല കയറ്റത്തിൽവച്ച് പിന്നോട്ടുപോയി ബൈക്ക് യാത്രികന്‍റെ ദേഹത്തുകൂടെ കയറിയിറങ്ങുകയായിരുന്നു
മാലോത്ത് നിന്നും ചെറുപുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കാറ്റാംകവല കയറ്റത്തിൽവച്ച് പിന്നോട്ട് പോയി തൊട്ട് പിന്നാലെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജോഷിയുടെ ദേഹത്തുകൂടി പിൻചക്രം കയറി ഇറങ്ങുകയായിരുന്നു. ബസ് തൊട്ടടുത്ത റോഡരികിലെ മതിലിൽ തട്ടിയാണ് നിന്നത്. അപകട വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.
വിവരമറിഞ്ഞ് ചിറ്റാരിക്കാൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷൈനി മക്കൾ: അലീന, അമൽ, അബിൻ.