കാസർകോട്:മോട്ടോർവാഹനവകുപ്പും കെഎസ്‌ഇബിയും വയനാട്ടില്‍ തുടങ്ങിയ പോര് ഇപ്പോൾ രൂക്ഷമായത് കാസർകോട് ജില്ലയില്‍. കഴിഞ്ഞ ദിവസം മോട്ടോർവാഹനവകുപ്പ് ഓഫീസിലെഫ്യൂസ് കെഎസ്‌ഇബി ഉദ്യോഗസ്ഥർ ഊരിയതിനു പിന്നാലെ കെഎസ്‌ഇബി വാഹനത്തിന് പിഴയിട്ട് എംവിഡി. കെഎസ്ഇബിക്ക് വേണ്ടി കാസർകോട് ജില്ലയില്‍ കരാർ അടിസ്ഥാനത്തിൽ ഓടുന്ന വണ്ടിക്കാണ് എംവിഡി പിഴയിട്ടത്. ആർടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോർഡ് വച്ചതിനാണ് 3250 രൂപ പിഴയിട്ടത്.
നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർകോട് ആർടിഒ എൻഫോഴ്‌സ്മെന്‍റ് ഓഫിസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. കഴിഞ്ഞ ദിവസമാണ് വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാട് ആർ ടി ഒ എൻഫോഴ്സ്മെന്‍റ് ഓഫിസിലെ ഫ്യൂസ് കെ എസ് ഇ ബി ഊരിയത്. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ജൂണ്‍ 26 ആയിരുന്നു. എന്നാൽ ബില്ലടയ്‌ക്കാന്‍ വൈകിയതോടെ കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരുകയായിരുന്നു.
Also Read:വീണ്ടും ഫ്യൂസ് ഊരി കെഎസ്‌ഇബി, ഇത്തവണ ഇരുട്ടിലായത് കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫിസ്
നേരത്തെ വയനാട്ടിലും സമാനമായ രീതിയിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ മോട്ടോർവാഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എംവിഡി എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസ് കെട്ടിടത്തിലെ ഫ്യൂസ് ആണ് കെഎസ്‌ഇബി ഊരിയത്.
സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുന്‍പ് ജീപ്പിൽ തോട്ടിവച്ച് പോയതിന് കെ എസ് ഇ ബി വാഹനത്തിന് എഐ കാമറ പിഴ ചുമത്തിയിതോടെ ആണ് വിഷയം ചര്‍ച്ചയാകുന്നത്. വയനാട് അമ്പലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് ജീവനക്കാര്‍ക്കായി വാടകക്കെടുത്ത ജീപ്പിനാണ് എഐ കാമറ പിഴയിട്ടത്. എ ഐ കാമറ കണ്ടെത്തിയ നിയമ ലംഘനവും 20,500 രൂപ പിഴയിട്ടതും വ്യക്തമാക്കിക്കൊണ്ട് എം വി ഡി നോട്ടിസും അയച്ചു. വാഹനത്തിന് മുകളിൽ തോട്ടി വച്ച് കെട്ടിയതിന് 20,000 രൂപയും ഡ്രൈവറുടെ സീറ്റ് ബെൽറ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടത്.
പടംപിടിച്ചതും നിയമ ലംഘനം കണ്ടെത്തിയതും എ ഐ കാമറയാണെങ്കിലും കെഎസ്‌ഇബിക്ക് പണി കൊടുത്തത് എം വി ഡി ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സംഭവം ചര്‍ച്ചയാകുകയും നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും പരിഹസിച്ചും രംഗത്തുവരികയും ചെയ്‌തു. എന്നാല്‍ കെ എസ് ഇ ബി വാഹനത്തിന് പിഴയിട്ട് ചൂടാറും മുന്‍പാണ് കെ എസ് ഇ ബി പക വീട്ടുന്നതു പോലെ വൈദ്യുതി ബില്ല് അടക്കാതിരുന്ന എം വി ഡി ഓഫിസിലെ ഫ്യൂസ് ഊരിയത്.
Also Read:'ഫൈനിട്ടാല്‍ ഫ്യൂസ് ഊരും', മോട്ടോർ വാഹന വകുപ്പിന് ചെക്ക് വെച്ച് കെഎസ്ഇബി (ഒരു വയനാടൻ കഥ)
ജില്ലയിലെ മുഴുവൻ എ ഐ കാമറകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്‍റെ ഫ്യൂസ് ആണ് കെ എസ് ഇ ബി ഊരിയത് എന്നതും ചര്‍ച്ച കൊഴുപ്പിച്ചു. ഫ്യൂസ് ഊരിയതിന് പിന്നാലെ അടിയന്തര ഫണ്ടില്‍ നിന്ന് പണമെടുത്ത് മോട്ടോർ വാഹന വകുപ്പ് ബില്ലടക്കുകയായിരുന്നു.
വയനാട്ടിലെ രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഈ അപൂര്‍വ പോര് സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ ചര്‍ച്ചയായിരുന്നു. വയനാട്ടിലെ സംഭവത്തിന്‍റെ ചൂടാറും മുന്‍പാണ് കാസര്‍കോടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്.