കാസർകോട്:ഡ്രൈവറായിരുന്ന അച്ഛന്‍ വളയം പിടിക്കുന്നത് കണ്ടാണ് അവൾ വളര്‍ന്നത്. അച്ഛനോളമെത്തിയപ്പോള്‍ ഡ്രൈവിങ്ങിനോടുള്ള കമ്പവും വലുതായി. പിതാവില്‍ നിന്നും ഡ്രൈവിങ്ങിന്‍റെ ബാലപാഠം സ്വന്തമാക്കിയ ആ പെൺകുട്ടി ഇന്ന് കാസർകോട് - ബന്തടുക്ക റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ്.
ഇത് കാസർകോട് പൊയ്‌നാച്ചിയിൽ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന ടി കുഞ്ഞിരാമന്‍റെയും വി രതിയുടെയും മകള്‍ കെ.ആർ ആതിര. 18-ാം വയസിൽ ഇരുചക്ര, നാലുചക്ര വാഹന ലൈസൻസ് നേടിയെങ്കിലും ആതിര ഹെവി ലൈസൻസ് എടുത്തത് 2021 ലാണ്. കൂടാതെ ബാഡ്‌ജും കിട്ടി. സ്‌കൂള്‍ വിദ്യാർഥിയായിരിക്കെ തോന്നിയ ആഗ്രഹം 22-ാം വയസില്‍ സാക്ഷാത്കരിയ്‌ക്കുകയായിരുന്നു.
കാസർകോട് - ബന്തടുക്ക റൂട്ടില്‍ കെ.ആര്‍ ആതിരയ്‌ക്ക് ഇത് സ്വപ്‌നയാത്ര ഇനി ആഗ്രഹം ആര്‍.ടി.ഒ ആവാന്‍
ബസ് ഓടിക്കാനുള്ള മകളുടെ ആഗ്രഹം 'ശുക്രിയ' ബസിലെ ഡ്രൈവർ വലിയ വീട്ടില്‍ കുഞ്ഞമ്പുവിനോടാണ് കുഞ്ഞിരാമന്‍ ആദ്യം പറഞ്ഞത്. പിന്നീട് ബസുടമയായ വിദ്യാനഗറിലെ മുഹമ്മദ് കുഞ്ഞിയെ അറിയിച്ച് സമ്മതം വാങ്ങി. അങ്ങനെ ശങ്കരംപാടിയിൽ നിന്ന് പടുപ്പിലേക്കുള്ള യാത്രയിൽ ആതിരയ്ക്ക് കുഞ്ഞമ്പു ഡ്രൈവിങ് സീറ്റ് കൈമാറി. ഡ്രൈവിങ് ജാഗ്രതയോടെയാണെന്ന് ഉറപ്പിച്ചതോടെ ശുക്രിയയിലെ ഡ്രൈവര്‍ സീറ്റ് ആതിരയ്‌ക്ക് സ്വന്തമായി.
ALSO READ:കുർദിസ്‌താനിൽ സിനിമ നിർമിക്കുന്നതിന് നിരവധി പ്രതിസന്ധികൾ നേരിട്ടു: ലിസ ചലാൻ
സുഹൃത്തുക്കളിൽ നിന്നും ബസ് ജീവനക്കാരിൽ നിന്നും വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നത്. ബസ് ഡ്രൈവിങ് വലിയ ഉത്തരവാദിത്വമുള്ളതാണെങ്കിലും താൻ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് ആതിര പറയുന്നു. ബികോം പൂർത്തിയാക്കിയ ആതിര, പോളി ടെക്‌നിക് കോളജിൽ ഓട്ടോമൊബൈൽ ഡിപ്ലോമ കോഴ്‌സിന് ചേരാനൊരുങ്ങുകയാണ്. പി.എസ്.സി പരീക്ഷ എഴുതി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ ആകണമെന്നും ആഗ്രഹമുണ്ട്. ആതിരയ്ക്ക് ആഗ്രഹങ്ങൾ, നേടാനുള്ളതാണ്.