കേരളം

kerala

ETV Bharat / state

കാസര്‍കോട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം പദ്ധതി പാതി വഴിയില്‍ - കോട്ടച്ചേരി

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ച ബില്ലുകള്‍ പാസാക്കാതെ മടക്കി അയക്കപ്പെട്ടതോടെയാണ് കരാറുകാര്‍ തുടര്‍പ്രവൃത്തികള്‍ നിര്‍ത്തിയത്

കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം പദ്ധതി

By

Published : Jun 5, 2019, 9:17 PM IST

Updated : Jun 5, 2019, 10:13 PM IST

കാസര്‍കോട്:കാസര്‍കോട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം പണി സ്തംഭിച്ചു. കരാറുകാരന്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നല്‍കിയ ബില്ലുകളില്‍ പകുതിയിലധികം പാസാകാതെ വന്നതോടെയാണ് മേല്‍പ്പാലം നിര്‍മ്മാണം നിലച്ചത്.

അജാനൂര്‍ തീരദേശ മേഖലയുടെ സ്വപ്‌ന പദ്ധതികളിലൊന്നാണ് ഇങ്ങനെ പാതി വഴിയില്‍ നിലച്ചിരിക്കുന്നത്. സദാസമയവും റെയില്‍വേ ഗേറ്റില്‍ കുരുങ്ങിക്കിടക്കേണ്ടി വന്ന ജനതയുടെ ഇപ്പോഴത്തെ ആശങ്ക കാഞ്ഞങ്ങാട് നഗരത്തോട് ചേര്‍ന്ന് കോട്ടച്ചേരിയിലെ ഈ റെയില്‍വേ മേല്‍പ്പാലം എന്ന് പൂര്‍ത്തിയാകുമെന്നതിലാണ്. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ആരംഭിച്ച പാലം പണിയാണ് എങ്ങുമെത്താതെ നില്‍ക്കുന്നത്. റെയില്‍വേ ട്രാക്കിന്‍റെ രണ്ട് വശത്തും കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായെങ്കിലും പിന്നീട് ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിട്ടില്ല.

കാസര്‍കോട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം പദ്ധതി പാതി വഴിയില്‍

ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കുശാല്‍നഗര്‍, കോട്ടച്ചേരി, ഇഖ്ബാല്‍ റോഡ് എന്നീ മൂന്ന് റെയില്‍വേ ഗേറ്റ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുന്നതിനായാണ് മേല്‍പ്പാലം പദ്ധതി കൊണ്ടുവന്നത്. സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ 2018 ഒക്ടോബറില്‍ ആണ് പാലത്തിന്‍റെ പൈലിങ് പ്രവൃത്തികള്‍ ആരംഭിച്ചത്. പിന്നീട് അതിവേഗം നിര്‍മ്മാണപ്രവൃത്തികള്‍ മുന്നോട്ട് പോയി. റെയില്‍വെ ട്രാക്കിന് ഇരുവശത്തുമായുള്ള കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
13 കോടി നിര്‍മ്മാണ ചെലവ് കണക്കാക്കിയ പാലത്തിന് 12 കോടി രൂപക്കാണ് കൊച്ചിയിലെ ജിയോ കണ്‍സ്ട്രക്ഷന്‍ കമ്പനി കരാര്‍ എടുത്തത്. ഇതില്‍ 50 ശതമാനത്തിലേറെ ജോലി പൂര്‍ത്തീകരിച്ചപ്പോള്‍ നല്‍കിയ 5.37 കോടിയുടെ ബില്ലുകളില്‍ ആകെ പാസായത് 1.90 കോടി രൂപയാണ്. പിന്നെയും ജോലികള്‍ ചെയ്‌തെങ്കിലും ബില്ലുകള്‍ മടങ്ങിത്തുടങ്ങിയതോടെ പാലത്തിന്‍റെ പ്രവൃത്തികള്‍ നിലക്കുകയായിരുന്നു. മണ്ഡലം ജനപ്രതിനിധിയായ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Last Updated : Jun 5, 2019, 10:13 PM IST

ABOUT THE AUTHOR

...view details