കാസർകോട് : ക്‌നാനായ വിവാഹ തർക്കത്തെ തുടർന്ന് പള്ളിക്ക് പുറത്തുനിന്ന് മാല ചാർത്തി വരനും വധുവും. കൊട്ടോടി ഇടവക അംഗമായ ജസ്‌റ്റിൻ മംഗലത്തും സിറോ മലബാർ സഭയിൽ നിന്നുള്ള വിജിമോളുമാണ് പള്ളി മുറ്റത്ത് വിവാഹിതരായത്. ക്‌നാനായ സഭക്കാർക്ക് മറ്റ് സഭകളിൽ നിന്ന് വിവാഹം ചെയ്യാമെന്നും ഇക്കാരണത്താൽ സമുദായത്തിൽ നിന്ന് പുറത്താക്കരുതെന്നുമുള്ള കോടതി വിധി ഉണ്ടായിട്ടും വിവാഹത്തിന് ക്‌നാനായ സഭ അനുമതി നൽകാത്തതിനാലാണ് പള്ളിക്ക് പുറത്ത് നിന്ന് ഇവർക്ക് താലി ചാർത്തേണ്ടി വന്നത്.
ക്‌നാനായ സഭയിലുള്ളവർക്ക് മറ്റ് സഭയിലുള്ളവരെ വിവാഹം ചെയ്യാമെന്ന കോടതി ഉത്തരവിനൊപ്പം കോട്ടയം അതിരൂപതയും ഇത്തരം വിവാഹം അംഗീകരിച്ചുകൊണ്ട് നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ആദ്യമായി നിശ്ചയിച്ച വിവാഹമായിരുന്നു കൊട്ടോടിയിൽ നടക്കേണ്ടിയിരുന്നത്. ചരിത്രമാകേണ്ടിയിരുന്ന വിവാഹമാണ് സാങ്കേതിക തടസങ്ങളിൽ തട്ടി പേരിന് മാത്രമായി നടന്നത്.
അതിനിടെ വരന്‍റെ പള്ളിയിൽ നിന്ന് അനുമതി ലഭിച്ചില്ലെന്ന കാരണത്താൽ പള്ളി വികാരി വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്‌തിരുന്നു. തനിക്ക് വിവാഹ കുറി ലഭിച്ചാൽ മാത്രമേ കല്യാണം നടത്തി കൊടുക്കാൻ കഴിയൂ എന്ന നിലപാടിലായിരുന്നു പള്ളി വികാരി ഇമ്മാനുവൽ. എന്നാൽ അവസാന നിമിഷം കൊട്ടോടിയിലെ ക്‌നാനായ പള്ളി വിവാഹത്തിന് അനുമതി നൽകുന്നില്ലെന്നായിരുന്നു പരാതി.
അതേസമയം കൊട്ടോടി ഇടവക അംഗമായി നിന്നുകൊണ്ട് തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന നിലപാടിലാണ് വരൻ ജസ്റ്റിൻ. മറ്റ് സഭകളിൽ നിന്ന് വിവാഹം കഴിച്ചാൽ രക്ത വിശുദ്ധി നഷ്‌ടപ്പെടുമെന്ന ക്‌നാനായ വിശ്വാസത്തിനെതിരെ സുപ്രീം കോടതി വിധി വന്നിരുന്നു. ശേഷം കോട്ടയം രൂപതയും വിവാഹത്തിന് ഔദ്യോഗിക അനുമതി നൽകിയിരുന്നതാണ്.
അതേസമയം ഇന്നലെ വൈകിട്ട് മാത്രമാണ് വിവാഹത്തിന് മുമ്പുള്ള എൻഒസിക്ക് (വിവാഹ കുറി) വേണ്ടി അപേക്ഷിച്ചതെന്ന് ക്‌നാനായ കത്തോലിക്ക കോൺഗ്രസ് അറിയിച്ചു. കോടതി നടപടികൾക്ക് അനുസരിച്ച് കാര്യങ്ങൾ നിർവഹിക്കുമെന്നും സഭാപരമായ നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുന്നതല്ലെന്നും കെസിസി അറിയിച്ചു. കോടതി വിധി കൃത്യമായി പാലിച്ചിട്ടുണ്ട്. എൻഒസി നൽകില്ലെന്ന് പറഞ്ഞിട്ടില്ല. കോടതി വിധി ഒരു തരത്തിലും ലംഘിച്ചില്ലെന്നും ക്‌നാനായ കത്തോലിക്ക കോൺഗ്രസ് അറിയിച്ചു.
ചരിത്രപരമായ വിധി :ക്‌നാനായ സഭയില്‍പ്പെട്ട ഒരാള്‍ക്ക് മറ്റ് സഭയിൽ നിന്ന് വിവാഹം ചെയ്യാനുള്ള വിലക്ക് കോട്ടയം അതിരൂപത കഴിഞ്ഞ മാസം നീക്കിയിരുന്നു. ഇതോടെയാണ് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്ത് ക്‌നാനായ സഭാംഗത്വം നിലനിര്‍ത്തി സിറോ മലബാര്‍ സഭയിലെ രൂപതയില്‍ നിന്നുള്ള വിജി മോളുമായി വിവാഹം നിശ്ചയിച്ചത്.
തലശ്ശേരി അതിരൂപതയിലെ പള്ളിയില്‍വച്ച് ജസ്റ്റിന്‍റെയും വിജിമോളുടേയും വിവാഹ നിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. ഇതിനായി ജസ്റ്റിന്‍റെ ഇടവകയായ കൊട്ടോടി സെന്‍റ് ആന്‍സ് പള്ളിയാണ് വിവാഹക്കുറി നല്‍കിയത്. മറ്റ് സഭയിൽ നിന്നും വിവാഹം കഴിച്ചാല്‍ രക്ത ശുദ്ധി നഷ്‌ടപ്പെടുമെന്നും ഇതിനാല്‍ ഇത്തരം വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്‌ട് സ്വീകരിച്ച് സഭയ്‌ക്ക് പുറത്തുപോകണമെന്നുമായിരുന്നു സഭാനിയമം. ഇതിനെതിരെ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശ്ശേരി ഇടവകാംഗം ബിജു ഉതുപ്പാണ് നിയമപോരാട്ടത്തിനിറങ്ങിയത്.
1989ലാണ് ബിജു വിവാഹിതനായത്. ദമ്പതികള്‍ ക്‌നാനായ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ വിവാഹ കുറിക്കായി സഭ അധികാരികളെ സമീപിച്ചപ്പോൾ രക്ത ശുദ്ധിയുടെ വാദം ഉന്നയിച്ചുകൊണ്ട് കുറി നിഷേധിക്കുകയായിരുന്നു. ബിജുവിന്‍റെ മുത്തശ്ശി ലാറ്റിന്‍ സമുദായക്കാരിയാണെന്നും അതുകൊണ്ട് തന്നെ പിന്നീടുള്ള തലമുറയ്‌ക്ക് രക്ത ശുദ്ധിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കുറി നിഷേധിച്ചത്. ഇതിനെതിരെ നടത്തിയ 35 വര്‍ഷത്തെ പോരാട്ടത്തില്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും സഭ വിവാഹത്തിന് കുറി നല്‍കിയിരുന്നില്ല.
ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് കെസിഎന്‍എസ് വിജയം നേടിയത്. കെസിഎൻഎസ് സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിൽ 2021 ഏപ്രിൽ 30ന് കോട്ടയം അഡീഷണൽ സബ് കോടതി മറ്റേതെങ്കിലും രൂപതയിൽ നിന്നുള്ള ഒരു കത്തോലിക്കനെ വിവാഹം കഴിച്ചതിന് കോട്ടയം ആർച്ച്‌പാർക്കിയിലെ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് സ്ഥിരമായ നിരോധന ഉത്തരവാണ് പുറപ്പെടുവിച്ചിരുന്നത്. അപ്പീൽ ജില്ല കോടതി തള്ളിയതിനെത്തുടർന്ന് മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പും ആർച്ച് പാർക്കിയും നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മാർച്ച് 10 ന് ജസ്റ്റിസ് എം ആർ അനിതയുടെ സിംഗിൾ ബഞ്ച് കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നുവെങ്കിലും ബിഷപ്പിൻ്റെ ആശങ്കകൾ ബഞ്ച് കേട്ടിരുന്നു. അപ്പീൽ അന്തിമ തീർപ്പാക്കുന്നതുവരെ ഇടക്കാല ക്രമീകരണം തുടരുമെന്ന് ഹൈക്കോടതി അറിയിച്ചു. ഇതനുസരിച്ച് കോട്ടയം ആർച്ച്‌പാർക്കിക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങൾ മറ്റൊരു രൂപതയിലെ കത്തോലിക്കനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾക്ക് ആർച്ച് ബിഷപ്പിനോടോ ആർച്ച്‌പാർക്കിയോടോ വിവാഹ കുറിയോ നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റോ ആവശ്യപ്പെടാം.