കാസർകോട്: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കാസർകോട് പൊലീസ് നിയന്ത്രണം ശക്തമാക്കുന്നു. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് നഗരസഭ അടക്കമുള്ള ഏഴ് തദ്ദേശ സ്ഥാപന പരിധികൾ കണ്ടയിൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചു. ഇവിടെയുള്ളവർ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു.
കാസർകോട് പൊലീസ് നിയന്ത്രണം ശക്തമാക്കുന്നു - ഐ ജി വിജയ് സാഖറെ
നിയന്ത്രണ മേഖലകളിലുള്ളവർക്ക് അവശ്യസാധനങ്ങളും മരുന്നും വീടുകളിൽ പൊലീസ് എത്തിച്ചു കൊടുക്കുമെന്നും ആവശ്യമുള്ളവർ വാട്ട്സ് ആപ് സന്ദേശം നൽകിയാൽ മതിയെന്നും ഐജി വിജയ് സാഖറെ
കൂടുതൽ രോഗികളുള്ള ചെങ്കള, മൊഗ്രാൽ പുത്തൂർ, ചെമ്മനാട്, മധൂർ, ഉദുമ, പള്ളിക്കര പഞ്ചായത്ത് പരിധിയിലും കാസർകോട് നഗരസഭയിലുമാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്. ഗതാഗതം കർശനമായി നിയന്ത്രിച്ചതിനൊപ്പം ഈ മേഖലയിൽ പൊലീസ് ഡ്രോൺ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. നിയന്ത്രണ മേഖലകളിലുള്ളവർക്ക് അവശ്യസാധനങ്ങളും മരുന്നും വീടുകളിൽ പൊലീസ് എത്തിച്ചു കൊടുക്കുമെന്നും ആവശ്യമുള്ളവർ വാട്ട്സ് ആപ് സന്ദേശം നൽകിയാൽ മാത്രം മതിയെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. അതേസമയം നിയന്ത്രണം ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുത്ത് നിയമ നടപടി സ്വീകരിക്കുന്നതിനോടൊപ്പം ജില്ലാ ഭരണകൂടം ഒരുക്കിയ കൊവിഡ് കെയർ സെൻ്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചു. കാസർകോട് തളങ്കരയിൽ ഐജി വിജയ് സാഖറെയുടെ നേത്രത്വത്തിൽ പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി.