കാസര്‍കോട്: കിഫ്ബി കേരളത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി കേരള നിര്‍മ്മിതിയുടെ കാസര്‍കോടന്‍ പതിപ്പ്. ജില്ലയിലെ യുവജനങ്ങളുടെ വികസന സ്വപ്‌നങ്ങള്‍ പങ്കുവെക്കാന്‍ അവസരമൊരുക്കിയ കേരള നിര്‍മ്മിതിയില്‍ കിഫ്ബി പദ്ധതികളുടെ ത്രിമാന പ്രദര്‍ശനങ്ങൾ ഏറെ ശ്രദ്ധ നേടി. ഓരോ പ്രവൃത്തികളുടെയും ത്രിമാന ദൃശ്യങ്ങളുടെ പ്രദര്‍ശനത്തിനൊപ്പം കേരള ഭൂപടത്തിന്‍റെ ഭീമന്‍ മാതൃകയും കാഴ്‌ചക്കാരെ ആകര്‍ഷിച്ചു.
കിഫ്ബി വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി കേരള നിര്‍മ്മിതി
കിഫ്ബി വഴി കേരളത്തില്‍ നടത്തുന്ന വികസന പദ്ധതികളുടെ സമഗ്രരൂപമാണ് കേരള നിര്‍മ്മിതിയുടെ കാസര്‍കോടന്‍ പതിപ്പിലൂടെ പൊതുജനസമക്ഷം എത്തിയത്
കിഫ്ബി വഴി കേരളത്തില്‍ നടത്തുന്ന വികസന പദ്ധതികളുടെ സമഗ്രരൂപമാണ് കേരള നിര്‍മ്മിതിയിലൂടെ പൊതുജനസമക്ഷം എത്തിയത്. പൊതുജനങ്ങള്‍ക്കൊപ്പം വിദ്യാര്‍ഥികള്‍ക്കും കേരളത്തിന്‍റെ വികസന പദ്ധതികളെ അടുത്തറിയാന്‍ കേരള നിര്‍മ്മിതി പ്രദര്‍ശനം അവസരമൊരുക്കി. സമാപന ദിവസം ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്കും കേരള നിര്‍മ്മിതി വേദിയിലെത്തി.
പശ്ചാത്തല സൗകര്യ വികസനത്തില്‍ കേരളം വന്‍ കുതിച്ചുചാട്ടം നടത്തിയെന്നും കിഫ്ബിയിലൂടെ ഇന്ത്യക്ക് പുതിയ മാതൃക മുന്നോട്ടുവെക്കുകയാണ് കേരളമെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജ് കേരളത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടെ മലബാറിന്‍റെ സാമ്പത്തിക പിന്നാക്കാവസ്ഥ പഴങ്കഥയാകും. കിഫ്ബിയിലൂടെ മലബാര്‍ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും കാസര്‍കോട് മെഡിക്കല്‍ കോളജിനെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 5,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് ധനകാര്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത ഏജന്‍സിയായ കിഫ്ബി ലക്ഷ്യമിടുന്നത്. ഈ പദ്ധതികളുമായി ബന്ധപ്പെട്ട് ധനമന്ത്രിയും ജില്ലയിലെ എംഎല്‍എമാരും ഉദ്യോഗസ്ഥ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചയും സംവാദവും പരിപാടിയുടെ ഭാഗമായി നടന്നു.