കാസര്‍കോട്: കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലെ റീപോളിങ് ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് റിപോളിങ് ആരംഭിച്ചത്.
കാസർകോട്ടും കണ്ണൂരും റീപോളിങ് തുടങ്ങി; കനത്ത സുരക്ഷയും ജാഗ്രതയും - repolling
ഏഴ് ബൂത്തുകളിലേക്കുള്ള റീപോളിങ്ങാണ് അവസാനഘട്ട തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്നത്.
കാസർകോട് മണ്ഡലത്തിലെ കല്ല്യാശ്ശേരിയിൽ 19, 69, 70 നമ്പർ ബൂത്തുകളിലാണ് റിപോളിങ് നടക്കുന്നത്. കണ്ണൂർ മണ്ഡലത്തിലെ തളിപ്പറമ്പ് 166ാം നമ്പർ ബൂത്തിലും റിപോളിങ് ആരംഭിച്ചു കഴിഞ്ഞു.
കണ്ണൂരിൽ 19ാം നമ്പർ ബൂത്തിൽ മൂന്ന് സിപിഎം പ്രവർത്തകരും പുതിയങ്ങാടിയിലെ രണ്ട് ബൂത്തുകളിൽ മൂന്ന് മുസ്ലീം ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തതായി തെളിഞ്ഞിരുന്നു. കനത്ത സുരക്ഷയിലാണ് പോളിങ് നടക്കുന്നത്. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. കള്ളവോട്ട് ആരോപണത്തെ തുടർന്ന് കർശന നിരീക്ഷണത്തിലാണ് പോളിങ് പുരോഗമിക്കുന്നത്. ഇന്ന് നടക്കുന്ന അവസാന വട്ട പോളിങോടെ ഒരു മാസത്തിലധികം നീണ്ടു നിന്ന വോട്ടെടുപ്പ് പ്രക്രിയക്ക് സമാപനമാകുകയാണ്. മെയ് 23നാണ് വോട്ടെണ്ണല്‍.