കേരളം

kerala

ETV Bharat / state

Kasargod Rain| കാസർകോട് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം, ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട് - മഴ

ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് കണക്കാക്കുന്നത്.

rain update  Kasargod Rain  kerala rain  kerala rain update  Kasargod  rain  kerala  kerala latest news  കാസർകോട്  കാസര്‍കോട് മഴ  കേരളം  മഴ  കാസർകോട് വ്യാപക നാശനഷ്‌ടം
Kasargod Rain

By

Published : Jul 5, 2023, 9:52 AM IST

Updated : Jul 5, 2023, 2:15 PM IST

കാസർകോട് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം

കാസർകോട്:ജില്ലയിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം. ഉദുമ, കൊപ്പൽ, കാപ്പിൽ തീരദേശ പ്രദേശങ്ങളിൽ ഇന്നലെ രാത്രി വീശിയടിച്ച കാറ്റിൽ നാശ നഷ്‌ടമുണ്ടായി. മരങ്ങൾ കടപുഴകി, ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, ട്രാൻസ്‌ഫോർമറുകളും നിരവധി വൈദ്യുതി പോസ്റ്റുകളും നിലം പതിച്ചു. ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് കണക്കാക്കുന്നത്.

ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഇന്നും ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്. കാസർകോട് കുഡ്‌ലുവിൽ കഴിഞ്ഞ ദിവസം 120 മില്ലിമീറ്റർ മഴ ലഭിച്ചു. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അധികൃതർ അറിയിച്ചു.

മുള്ളേരിയ പെരിയടുക്കയിൽ കൂറ്റൻമരം ചെർക്കള ജാൽസൂർ സംസ്ഥാന പാതയിലേക്ക് കടപുഴകി വീണു. കാടകം പതിമൂന്നാംമൈലിൽ അക്കേഷ്യ മരമാണ് വൈദ്യതി പോസ്റ്റിലേക്ക് വീണത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക പരിശീലനം നൽകിയ വോളന്‍റിയർമാരാണ് മരം മുറിച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ദേശീയ പാതയോരത്ത്‌ വെള്ളക്കെട്ടുണ്ടായ സ്ഥലത്ത്‌ കലക്‌ടർ കെ ഇമ്പശേഖർ പരിശോധന നടത്തി. മൊഗ്രാൽ, കൊപ്ര ബസാർ, ആരിക്കാടി, ഷിറിയ കുന്ന്, ഹൊസങ്കടി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. തിങ്കളാഴ്‌ച ചെങ്കള മുതൽ കാഞ്ഞങ്ങാട് വരെ ദേശീയപാത കലക്‌ടർ സന്ദർശിച്ചിരുന്നു. ദേശീയപാത വഴിയുള്ള ഇരുചക്ര വാഹന യാത്ര പരമാവധി ഒഴിവാക്കണമെന്ന്‌ കലക്‌ടർ അറിയിച്ചു.

ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലയിലെ റോഡുകളിലൂടെ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രയും ഒഴിവാക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾക്കനുസരിച്ചു മാറിത്താമസിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനോടു സഹകരിക്കേണ്ടതാണെന്നും നിർദേശമുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കാസർകോട് കലക്‌ടര്‍ അവധി നൽകിയിരുന്നു.

കാലവര്‍ഷം ശക്തിപ്പെട്ടതോടെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. യെല്ലോ അലര്‍ട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്.

ഇന്ന് പുലര്‍ച്ചെ മുതല്‍ സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലയോര മേഖലകളിലും മഴ സജീവമാണ്. അതിതീവ്രമഴയുടെ സാഹചര്യത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും ഇവിടങ്ങളില്‍ സാധ്യതയുണ്ട്. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ശക്തമായ മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിതീവ്ര മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:Kerala Rain| ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട്, അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം

Last Updated : Jul 5, 2023, 2:15 PM IST

ABOUT THE AUTHOR

...view details