കേരളം

kerala

ETV Bharat / state

ഭൂമിയ്‌ക്കടിയിൽ നിന്നുണ്ടായ മുഴക്കം ആശങ്കപ്പെടേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്‌ദവും കേൾക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

earth issue  earth issue kerala  kerala disaster management  reason for mysterious sound from kerala earth core  disaster management  kerala  kasargod  thrissur  kottayam  ഭൂമിയ്ക്കടിയിൽ നിന്നുണ്ടായ മുഴക്കം  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  കേരളം  തൃശൂര്‍  കാസര്‍കോട്  കോട്ടയം
earth issue_

By

Published : Jul 9, 2023, 8:42 PM IST

Updated : Jul 9, 2023, 9:12 PM IST

കാസർകോട്: സംസ്ഥാനത്ത് കാസർകോട്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്‌ചകൾക്കുള്ളിൽ വിവിധ സമയങ്ങളിൽ ചെറിയ തോതിലുള്ള വിറയൽ, ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം എന്നിവയിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ പല സ്ഥലങ്ങളിലും ചെറിയ അളവിലുള്ള വിറയലും, ഭൂമിക്കടിയിൽ നിന്നുള്ള ശബ്‌ദവും കേൾക്കുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തി. ചെറിയ അളവിൽ ഉണ്ടാകുന്ന മർദം പുറംതള്ളുന്നത് കൊണ്ട് മറ്റു പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ വിരളം ആണ്.

ചെറിയ തോതിലുള്ള ചലനങ്ങൾ ആയതിനാൽ നാഷണൽ സെന്‍റർ ഫോർ സിസ്‌മോളജിയുടെ നിരീക്ഷണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഡൽഹി ആസ്ഥാനമായിട്ടുള്ള നാഷണൽ സെന്‍റർ ഫോർ സിസ്‌മോളജിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും അതോറിറ്റി അറിയിച്ചു.

തളങ്കര കടവത്ത് ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്‌ദം ഉണ്ടാവുകയും കിണറുകളിൽ വെള്ളം പൊടുന്നനെ ഉയരുകയും ചെയ്‌തിരുന്നു. വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടതാണ് കാരണമെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്. കിണറുകളിലേക്ക് പുഴയിൽ നിന്നുള്ള വെള്ളം എത്താറുണ്ടെങ്കിലും പരിശോധനയിൽ നേരിയ ഉപ്പ് രസം കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസ്വാഭാവികമാണ്.

കൂടുതൽ പരിശോധനക്കായി ജിയോളജിസ്റ്റ് വിജയയുടെ നേതൃത്വത്തിൽ വിദഗ്‌ധ സംഘവും എത്തിയിരുന്നു. തളങ്കരയിൽ നൗഫല്‍ എന്നയാളുടെ പറമ്പില്‍ ഭൂമിക്കടിയിൽ നിന്നാണ് ശബ്‌ദം കേള്‍ക്കാന്‍ തുടങ്ങിയത്. നാസര്‍ എന്നയാളുടെ വീട്ടിലെ കിണറിലും തൊട്ടടുത്ത മറ്റൊരാളുടെ കിണറിലുമാണ് വെള്ളം ഉയര്‍ന്ന് പൊങ്ങിയത്.

വടക്കന്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പ്:വടക്കന്‍ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് ഇന്ന്(ജൂലൈ 9) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ജൂലൈ 10നും, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജൂലൈ 12നും, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജൂലായ് 13നും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്ത് ഇന്ന്(ജൂലൈ 9) രാത്രി 11.30വരെ 3.5 മുതല്‍ 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശം നല്‍കി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുളള യാത്രകളും കടലില്‍ ഇറങ്ങിയുളള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Also Read:ഉത്തരേന്ത്യയിൽ നാശം വിതച്ച് കനത്ത മഴ; രണ്ട് ദിവസത്തിനിടെ 14 മരണം, ഡൽഹിയിൽ രേഖപ്പെടുത്തിയത് റെക്കോഡ് മഴ

Last Updated : Jul 9, 2023, 9:12 PM IST

ABOUT THE AUTHOR

...view details