കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്കാലവും മുസ്ലീം ലീഗിന്‍റെ സുരക്ഷിത മണ്ഡലമാണ് കാസർകോട്. അതുകൊണ്ടു തന്നെ കാസർകോട് നിന്ന് മത്സരിക്കാൻ താല്‍പര്യമുള്ളവർ ഏറെയാണ്. പക്ഷേ ഇത്തവണ കാസർകോട്ടെ ലീഗ് നേതാക്കൾക്ക് മാത്രമല്ല, കണ്ണൂർ ജില്ലയിലെ അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കും കാസർകോട്ട് മത്സരിക്കാൻ താല്‍പര്യമുണ്ടെന്നാണ് സൂചന. പക്ഷേ ലീഗ് കാസർകോട് ജില്ലാ നേതൃത്വത്തിന് കെഎം ഷാജിയുടെ വരവിനോട് എതിർപ്പുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറിയോടെ നേരിട്ട് വിയോജിപ്പ് അറിയിച്ച സാഹചര്യത്തില്‍ ജില്ലയില്‍ നിന്നുള്ളയാള്‍ക്ക് തന്നെ സ്ഥാനാർഥിത്വം ലഭിക്കാനാണ് സാധ്യത.
നിലവിലെ എംഎല്‍എയായ എൻഎ നെല്ലിക്കുന്ന്, ലിഗ് ജില്ലാ പ്രസിഡന്‍റ് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ പേരുകളാണ് സ്ഥാനാർഥികളായി പ്രധാന പരിഗണനയിലുള്ളത്. മൂന്നാമതൊരിക്കല്‍ കൂടി വിജയിക്കുകയും യുഡിഎഫ് അധികാരത്തില്‍ എത്തുകയും ചെയ്തതാല്‍ മന്ത്രി സ്ഥാനം നല്‍കേണ്ടി വരുമെന്നതിനാല്‍ എന്‍.എ. നെല്ലിക്കുന്നിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് താത്പര്യക്കുറവുണ്ട്. സമാന സാഹചര്യമാണ് ഷാജിയുടെ കാര്യത്തിലുമുള്ളത്. സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്ത അഴീക്കോട് ഇത്തവണ സുരക്ഷിതമല്ലെന്ന കാരണത്താലാണ് ലീഗിന്‍റെ ഉറച്ച സീറ്റായ കാസര്‍കോട്ടേക്ക് മാറാനുള്ള ഷാജിയുടെ നീക്കം.