കേരളം

kerala

ETV Bharat / state

കൊന്നത് അപമാനത്തെ തുടര്‍ന്നുണ്ടായ നിരാശയില്‍; വെട്ടിയത് കഞ്ചാവ് ലഹരിയില്‍; പീതാംബരന്‍റെ മൊഴി

കൃപേഷും ശരത് ലാലും തന്നെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി ഇടപെടാത്തതിലുള്ള നിരാശയും അപമാനം താങ്ങാൻ കഴിയാത്തതുമാണ് കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമെന്ന് മൊഴിയില്‍ പറയുന്നു.

കൊന്നത് അപമാനത്തെ തുടര്‍ന്നുണ്ടായ നിരാശയില്‍; വെട്ടിയത് കഞ്ചാവ് ലഹരിയില്‍; പീതാംബരന്‍റെ മൊഴി

By

Published : Feb 20, 2019, 12:01 PM IST

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് അപമാനം കൊണ്ടുണ്ടായ നിരാശയിലെന്ന് അറസ്റ്റിലായ പീതാംബരൻ. കൃപേഷും ശരത് ലാലും ചേര്‍ന്ന് തന്നെ ആക്രമിച്ച സംഭവത്തില്‍ പാര്‍ട്ടി ഇടപെടാത്തത് നിരാശയുണ്ടാക്കിയെന്നും പീതാംബരന്‍ പൊലീസിന് മൊഴി നല്‍കി. കൊല നടത്തുമ്പോള്‍ കഞ്ചാവിന്‍റെ ലഹരിയിലായിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

രാവിലെ 11ന് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലാണ് കാസർഗോഡ് ഇരട്ട കൊലക്കേസ് പ്രതി പീതാംബരനെ ഹാജരാക്കുക. പീതാംബരന്‍റെ സുഹൃത്തുക്കളായ ആറു പേരും കൊലയില്‍ പങ്കാളികളായിട്ടുണ്ട്. തന്നെ കൃപേഷും ശരത് ലാലും അക്രമിച്ച സംഭവത്തിൽ ലോക്കല്‍ കമ്മിറ്റി അംഗമെന്ന പരിഗണന പോലും പാർട്ടിയിൽ നിന്നും തനിക്ക് ലഭിച്ചില്ലെന്നും ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് കൊല നടത്താൻ ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി.

കൃപേഷും ശരത് ലാലും പെരിയയില്‍ വച്ച് പീതാംബരനെ ആക്രമിച്ചിരുന്നു. അക്രമത്തിൽ പിതാംബരന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശരത് ലാലിനെ റിമാന്‍ഡ് ചെയ്തു, കൃപേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് പീതാംബരന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിന്‍റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൃപേഷ് പീതാംബരനെ ആക്രമിച്ചിട്ടില്ലെന്നും സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുവെന്നും കണ്ടെത്തി. കൃപേഷിനെയും പ്രതിയാക്കണമെന്ന ആവശ്യം പാര്‍ട്ടി തലത്തിലും പീതാംബരന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും അനുകൂല നടപടിയുണ്ടായില്ലെന്നും ഇതേത്തുടർന്നാണ് പീതാംബരൻ സുഹൃത്തുക്കളുടെ സഹായത്തോടെ കൊല ആസൂത്രണം ചെയ്തതെന്നുമാണ് മൊഴി.

അതേസമയം പീതാംബരന്‍റെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. പീതാംബരനെ കൂടാതെ മറ്റ് ആറ് പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കൂടാതെ മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികള്‍ സഞ്ചരിച്ച മഹേന്ദ്ര സൈലോ വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പാക്കത്തിനടുത്ത് ചെറൂട്ട് നിന്നാണ് ഉപേക്ഷിച്ച നിലയില്‍ വാഹനം കണ്ടെത്തിയത്.

ABOUT THE AUTHOR

...view details