കാസര്‍കോട്:വഴിയെല്ലാം കാടുമൂടി കിടക്കുന്നു. അരുംകൊലയ്ക്ക് സാക്ഷിയായ വീട് പൂർണമായും നശിച്ചു കഴിഞ്ഞു. ആരാണ് കൊന്നത്? എന്തിന് കൊന്നു ? തുടങ്ങിയ ബന്ധുക്കളുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ മറ്റു കൊലപാതക കേസുകളുടെ കൂട്ടത്തിൽ ദേവകി കൊലക്കേസും കേസ് ഡയറിയിൽ അവസാനിച്ചേക്കും.
അഞ്ചുവർഷമായിട്ടും ചുരുളഴിയാതെ അരുംകൊല; കേസ് ഡയറിയില്‍ മാത്രമൊതുങ്ങി കാസര്‍കോട് സ്വദേശി ദേവകിയുടെ കൊലപാതകം 2017 ജനുവരി 13 ന് വൈകിട്ടാണ് പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി കൊലപ്പെട്ടന്ന വാര്‍ത്ത നാടിനെ നടുക്കിയത്. വീടിനകത്ത് കഴുത്തിൽ അടിപാവാട കൊണ്ട് കുരുക്കിട്ട നിലയിൽ ദേവകി നിലത്ത് മരിച്ച് കിടക്കുകയായിരുന്നു . വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന വസ്‌ത്രങ്ങൾ അയയിൽ കിടക്കുന്നത് കണ്ട് അന്വേഷിക്കാനെത്തിയ ദേവകിയുടെ മകന്‍ ശ്രീധരനായിരുന്നു മൃതദേഹം ആദ്യം കണ്ടത്.
തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല:പാതി തുറന്ന മുൻവാതിലിലൂടെ അകത്ത് കയറിയ ഇദ്ദേഹം അമ്മയ്ക്ക് പനിയോ മറ്റോ വന്നു കിടക്കുകയാണെന്നാണ് കരുതിയത്. എന്നാൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോഴാണ് ജീവനില്ലെന്നു തിരിച്ചറിഞ്ഞത്. കൊലപാതകം നടന്ന് അഞ്ചു വർഷം കഴിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാൻ പറ്റുന്ന തെളിവുകളൊന്നും ഇതുവരെ നടന്ന അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല.
മക്കളെ അടക്കം സംശയം ഉള്ളവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ദേവകി സ്വന്തം വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിനെക്കുറിച്ച് നിയമസഭയിലും ചോദ്യം ഉയർന്നു. എന്നാൽ ഉടൻ പ്രതികളെ പിടികൂടുമെന്ന മറുപടി മാത്രമായിരുന്നു ബാക്കി.
പ്രതി സംസ്ഥാനം കടന്നെന്ന് നിഗമനം: ഭർത്താവ് പക്കീരന്‍റെ മരണശേഷമാണ്, കൊല്ലപ്പെട്ട ദേവകി ഒറ്റമുറിവീട്ടിൽ തനിച്ച് താമസിക്കാൻ തുടങ്ങിയത്. ലോക്കൽ പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയാനുതകുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. പ്രതി സംസ്ഥാനം കടന്നെന്നായിരുന്നു നിഗമനം.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. കെ. ദാമോദരന്‍റെ മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്‌പെക്‌ടറായിരുന്ന വി.കെ. വിശ്വംഭരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ആദ്യം അന്വേഷിച്ചത്. ശ്വാസംമുട്ടിച്ചാണ് ദേവകിയെ കൊന്നതെന്നാണ് മൃതദേഹ പരിശോധന റിപ്പോർട്ടിൽ പറയുന്നത്. വായും മുഖവും പൊത്തിപ്പിടിച്ചാണ് ശ്വാസംമുട്ടിച്ചതെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
കൊലപാതകം നടത്തിയത് പരിചയമുള്ള ആളായിരിക്കാം: മരണം ഉറപ്പിക്കാനാകാം പിന്നീട് കഴുത്തിൽ കുരുക്കിട്ട് മുറുക്കിയിരിക്കുകയെന്നും സംശയിച്ചു. എന്നാൽ വീട്ടിൽനിന്ന് ഒന്നും നഷ്‌ടപ്പെടാത്തതിനാൽ മോഷണശ്രമത്തിനുള്ള സാധ്യത പൊലീസ് തള്ളി. മുൻവാതിൽ തുറന്നുകിടന്നതിനാൽ പരിചയമുള്ള ആൾക്ക് ദേവകി വാതിൽ തുറന്നുകൊടുത്തതായിരിക്കാമെന്നുള്ള അനുമാനത്തിൽ പരിചയക്കാരെ കേന്ദ്രീകരിച്ചായി പൊലീസ് അന്വേഷണം.
അയൽക്കാരെയും ബന്ധുക്കളെയും ഉൾപ്പെടെ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്‌തു. അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് നാട്ടുകാർ സംഘടിച്ച് വിവിധ രാഷ്‌ട്രീയകക്ഷികളുടെ നേതൃത്വത്തിൽ കർമ്മസമിതിയുണ്ടാക്കി പ്രതിഷേധിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. രണ്ട് ഡിവൈ.എസ്.പി.മാർ കൊലപാതകം നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്‌ത അന്വേഷണം നടത്തിയിട്ടും കേസിന്‍റെ ചുരുളഴിഞ്ഞില്ല.