കാസർകോട്: ജില്ല കൊവിഡ് ഹോട്സ്പോട്ടായി നിലനിൽക്കുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിവസവും കൂടുന്നു . 24 പേർ വിവിധ ആശുപത്രികളിൽ നിന്നായി ഇന്ന് വീടുകളിലേക്ക് മടങ്ങി. ഇന്ന് ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 19 ന് ദുബായില്‍ നിന്നെത്തിയ ചെമ്മനാട് സ്വദേശിയായ 20 കാരനാണ് വൈറസ് ബാധയുണ്ടായത്. ഇയാളെ ഉക്കിനടുക്ക മെഡിക്കൽ കോളജിലെ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും 3 പേരും ജനറൽ ആശുപത്രിയിൽ നിന്നും 16 പേരും മെഡിക്കൽ കോളജ് ഉക്കിനടുകയിൽ നിന്നും 5 പേരുമാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. 106 പേർ വൈറസ് മുക്തി നേടിയപ്പോൾ ജില്ലയിൽ 61 രോഗികളാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
കാസർകോട് രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു - കാസർകോട്
24 പേർ വിവിധ ആശുപത്രികളിൽ നിന്നായി ഇന്ന് വീടുകളിലേക്ക് മടങ്ങി.ഇന്ന് ഒരാൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം കടുത്ത നിയന്ത്രണങ്ങളിലൂടെ രണ്ടാം ഘട്ടത്തിൽ കൊവിഡ് നിയന്ത്രിക്കാനായെങ്കിലും സമൂഹ വ്യാപനം ഇല്ലാതാക്കാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. സമൂഹ വ്യാപന പരിശോധനയുടെ ഭാഗമായി 2951 വീടുകൾ സന്ദർശിച്ച് കൊവിഡ് പോസിറ്റീവ് കേസുമായി സമ്പർക്കമുള്ള 16 പേരെയും രോഗലക്ഷണങ്ങൾ ഉള്ള 71 പേരെയും കണ്ടെത്തി പരിശോധനക്കു നിർദ്ദേശിച്ചു.രോഗം സ്ഥിരീകരിച്ചും ലക്ഷണങ്ങളോടെയും ആശുപത്രിയിൽ കഴിയുന്ന 114 പേരടക്കം 8380 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. ആകെ അയച്ച 2707 സാമ്പിളുകളിൽ 429 എണ്ണത്തിന്‍റെ ഫലങ്ങളാണ് ഇനി ലഭ്യമാകാനുള്ളത്. ഇതുവരെ 1016 പേർ ജില്ലയിൽ നീരിക്ഷണ കാലയളവ് പൂർത്തീകരിച്ചു.