കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി കാസര്‍കോട്ടെ കിഴക്കന്‍ മലയോര ഗ്രാമം. വര്‍ഷങ്ങളായുള്ള യാത്രാപ്രശ്‌നം പരിഹരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പനത്തടി നിവാസികൾ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്. പനത്തടി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉൾപ്പെടുന്ന കോയത്തടുക്കം, അടുക്കം, ഓട്ടമല, ശാസ്‌താംകുന്ന് പ്രദേശത്തെ കര്‍ഷക-ആദിവാസി കുടുംബങ്ങളാണ് മതിയായ ഗതാഗത സൗകര്യമില്ലാതെ പ്രയാസപ്പെടുന്നത്.
റോഡിന്‍റെ ദുരവസ്ഥ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി കാസര്‍കോട്ടെ ഗ്രാമം - Kasargod village
വര്‍ഷങ്ങളായുള്ള യാത്രാപ്രശ്‌നം പരിഹരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പനത്തടി അടുക്കം നിവാസികൾ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്
റോഡിന്‍റെ 1,800 മീറ്ററോളം പനത്തടി എന്‍എസ്എസ് എസ്റ്റേറ്റിലൂടെയാണ് കടന്നുപോകുന്നത്. മഴക്കാലത്ത് ചെളി നിറഞ്ഞാൽ കാല്‍നടയാത്രപോലും ദുസഹമാണ്. വേനല്‍ക്കാലത്ത് പൊടിശല്യവും രൂക്ഷമാണ്. ഇത് കാലങ്ങളായി ജനപ്രതിനിധികള്‍ അവഗണിക്കുകയാണെന്ന് ഇവർ പറയുന്നു. റോഡ് ടാര്‍ ചെയ്യാത്തതുകൊണ്ട് രോഗികളെയും പ്രായമായവരെയും ആശുപത്രിയിലെത്തിക്കാന്‍ വാഹനങ്ങള്‍ വിളിച്ചാല്‍ വരാത്ത അവസ്ഥയാണ്.
റോഡ് ശരിയാക്കാൻ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കും അധികാരികള്‍ക്കും കഴിഞ്ഞ 25 വര്‍ഷമായി നിവേദനങ്ങളും അപേക്ഷകളും സമര്‍പ്പിച്ചിട്ടും യാതൊരുവിധ അനുകൂല നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. എന്‍എസ്എസിന്‍റെ അധീനതയില്‍ നിന്നും പനത്തടി പഞ്ചായത്തിലേക്ക് റോഡ് വിട്ടു നല്‍കണമെന്നതാണ് ഇവരുടെ ആവശ്യം.