കാസർകോട്:മൂന്നാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിക്കപ്പെടുന്ന കാസർകോട്ടെ സ്ഥലങ്ങൾ ട്രിപ്പിൾ ലോക്കിലേക്ക്. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിൽ സ്വീകരിച്ചതിന് സമാനമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുന്നത്.വീടുകളിൽ ക്വാറന്‍റൈനിൽ കഴിയവെ കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളാണ് നിലവിൽ ഹോട്ട്സ്പോട്ടുകളായി മാറുന്നത്. ഇവിടങ്ങളിൽ സമ്പർക്ക സാധ്യത കുറക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
കൊവിഡ് പടരുന്ന കാസർകോട്ടെ പ്രദേശങ്ങൾ ട്രിപ്പിൾ ലോക്കിലേക്ക് - കൊവിഡ്
രണ്ടാം ഘട്ടത്തിൽ പൊലീസ് നടപ്പിലാക്കി ഫലം കണ്ട ട്രിപ്പിൾ ലോക്ക് സംവിധാനത്തിലൂടെ കൊവിഡ് വ്യാപനം തടയാനാകുമെന്നാണ് വിലയിരുത്തൽ
ട്രിപ്പിൾ ലോക്ക് സംവിധാനത്തിലൂടെ കൊവിഡ് വ്യാപനം തടയാനാകുമെന്നാണ് വിലയിരുത്തൽ. ട്രിപ്പിൾ ലോക് ഏർപ്പെടുത്തുന്ന സ്ഥലങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാൻ അനുവദിക്കും. വാഹനങ്ങൾ റോഡിലിറങ്ങാൻ അനുവദിക്കില്ല. ഇടറോഡുകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. മൂന്നാം ഘട്ടത്തിൽ നിലവിൽ പത്ത് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന രോഗലക്ഷണങ്ങളില്ലാതെ വീടുകളിൽ ക്വാറന്‍റൈനിൽ കഴിഞ്ഞവരിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അതിനാൽ ജാഗ്രത കൂടിയേ തീരുവെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.