കാസർകോട്:ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്‌കൂള്‍ പത്താംതരം വിദ്യാർഥിനി മുളിയാർ ആൽനടുക്കത്തെ ഷുഹൈലയുടെ (15) ആത്മഹത്യ കേസ് ജില്ല പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കും. കഴിഞ്ഞ മാർച്ച് 30നാണ് വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും അന്വേഷണത്തിൽ തൃപ്‌തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞതോടെയാണ് കേസന്വേഷണം സ്വന്തം മേൽനോട്ടത്തിൽ നടത്തുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ഉറപ്പു നൽകിയത്.
മയക്കുമരുന്ന് മാഫിയകളിൽ പെട്ട മുളിയാർ മുലയടുക്കം സ്വദേശികളായ നാല് യുവാക്കൾ പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്‌തതായി കുടുംബം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. നിരന്തരം പെൺകുട്ടിയെ ഈ സംഘം ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് പരാതിയിൽ പറയുന്നത്.