കാസര്‍കോട്:ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. നാൽപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതു ഭക്ഷണത്തിൽ നിന്നാണ് വിഷബാധ ഉണ്ടായതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആശുപത്രിയില്‍ ചികിത്സ തേടിയവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ചെറുവത്തൂരില്‍ ക്ഷേത്രത്തിലെ കളിയാട്ടത്തോട് അനുബന്ധിച്ച് അന്നദാനം നടന്നിരുന്നു. ഇതിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ കൂടുതല്‍ പേരും ഉത്സവ പറമ്പില്‍ നിന്നും ഐസ്‌ക്രീം കഴിച്ചതായും പറയുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട എല്ലാവർക്കും വയറിളക്കവും ഛർദിയും ഉണ്ട്. നിലവിൽ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ട്.
മുഴുവൻപേരും ചെറുവത്തൂരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ഉള്ളത്. ആരോഗ്യ വകുപ്പ് അധികൃതർ ഉത്സവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. 2022 മെയ് മാസം ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചിരുന്നു. ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പും ആരോഗ്യ വകുപ്പും ജില്ലയില്‍ ശക്തമായ പരിശോധനയും നിരീക്ഷണവുമാണ് ഏര്‍പ്പെടുത്തിയിരുന്നത്.