കാസര്‍കോട്: ജില്ലയിലെ നിര്‍ദിഷ്ട ഓക്‌സിജന്‍ പ്ലാന്‍റ് ഒന്നര മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന പ്രതീക്ഷയില്‍ ജില്ലാ ഭരണകൂടം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഓക്‌സിജന്‍ പ്ലാന്‍റ് വരുന്നത്. കൊവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്താണ് പദ്ധതി ആവിഷ്‌ക്കരിച്ചത്.
കാസർകോഡ് ഓക്‌സിജന്‍ പ്ലാന്‍റ് ഒന്നര മാസത്തിനുള്ളില്‍ പൂർത്തിയായേക്കുമെന്ന് ജില്ലാ ഭരണകൂടം സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്‌സിജന്‍ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓക്‌സിജന്‍ പ്ലാന്‍റ് എന്ന ആശയം ജില്ലാ പഞ്ചായത്ത് മുന്നോട്ട് വെച്ചത്. ദിവസം 200 സിലിണ്ടര്‍ ഓക്‌സിജന്‍ ഉൽപാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്‍റ് ആണ് ആലോചനയിലുള്ളത്. ഇതിനായി ഭൂമിയും 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കും.
38 ഗ്രാമ പഞ്ചായത്തുകളും ആറ് ബ്ലോക്ക് പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ചേര്‍ന്ന് പദ്ധതിക്കാവശ്യമായ ഫണ്ട് സംഭാവന ചെയ്യും. അടിയന്തര സാഹചര്യം പരിഗണിച്ച് വളരെ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിര്‍മാണം ആരംഭിച്ചാല്‍ 45 ദിവസം കൊണ്ട് പ്ലാന്‍റ് പ്രവര്‍ത്തനമാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലാ പഞ്ചായത്തിന്‍റെ കീഴില്‍ ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കിലാണ് പദ്ധതിക്കാവശ്യമായ ഭൂമി കണ്ടെത്തിയിരിക്കുന്നത്. ഭാവിയില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ പറ്റുന്ന തരത്തിലാണ് പ്ലാന്‍റ് നിര്‍മിക്കുന്നത്. കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഓക്‌സിജന്‍ പ്ലാന്‍റിന്‍റെ പ്രാധാന്യം വര്‍ധിക്കും.