കാസര്‍കോട്: കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയില്‍ അകപ്പെട്ട കാസര്‍കോട് ഇപ്പോള്‍ അതിജീവനത്തിന്‍റെ പാതയിലാണ്. ഹോട്ട്സ്‌പോട്ടായി നിലനില്‍ക്കുമ്പോഴും രോഗവിമുക്തരാകുന്നവരുടെ എണ്ണം ജില്ലയില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് ആശ്വാസകരമാണ്. നൂറിലധികം കൊവിഡ് ബാധിതരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന രാജ്യത്തെ ഏക ജില്ല കാസര്‍കോടാണ്.
അതിജീവനത്തിന്‍റെ പാതയില്‍ കാസര്‍കോട്
നൂറിലധികം കൊവിഡ് ബാധിതരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന രാജ്യത്തെ ഏക ജില്ലയാണ് കാസര്‍കോട്
മാർച്ച് 16നാണ് ആദ്യ കൊവിഡ് കേസ് ജില്ലയില്‍ സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 20 വരെയുള്ള 35 ദിവസത്തിനുള്ളില്‍ 168 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പരിമിതമായ സൗകര്യങ്ങളിൽ ചിട്ടയായ പ്രതിരോധ പ്രവർത്തനം നടന്നപ്പോൾ അതിവേഗമാണ് കൊവിഡ് ബാധിതര്‍ ജീവിതത്തിലേക്ക് മടങ്ങിയത്. 17 ദിവസം കൊണ്ട് 141 പേർ കൊവിഡിനെ അതിജീവിച്ചപ്പോൾ അത് രാജ്യത്തെ ഉയർന്ന നിരക്കായി. 84 ശതമാനമാണ് ജില്ലയിലെ 'റിക്കവറി റേറ്റ്'. ഇനി ചികിത്സയിൽ ഉള്ളത് 27 പേർ മാത്രം.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന കൊവിഡ് ബാധിതരാണ് രോഗവിമുക്തരായവരില്‍ ഏറെയും. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത് 89 ആളുകളായിരുന്നു ഇവരില്‍ 82 പേരും ആശുപത്രിവിട്ടു. ജില്ലാ ആശുപത്രിയിലെ 43 പേരില്‍ 34 പേരും കാസര്‍കോട് മെഡിക്കല്‍ കോളജിലെ 16 രോഗികളില്‍ എട്ടുപേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന 18 പേരില്‍ 16 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേരും വീടുകളിലേക്ക് മടങ്ങി. നൂറില്‍ അധികം ആളുകള്‍ രോഗവിമുക്തരായിട്ടും നിശ്ചിത നിരീക്ഷണ കാലം കഴിഞ്ഞും രോഗം സ്ഥിരീകരിക്കപ്പെടുന്നുണ്ട്. എങ്കിലും സാമൂഹിക സർവേയുടെ ഫലങ്ങൾ സമൂഹ വ്യാപന സാധ്യത തള്ളുന്നുവെന്ന വിലയിരുത്തലിലാണ് അധികൃതര്‍.