കാസര്‍കോട്: മുഗു സഹകരണ ബാങ്കിനെതിരെ കൂടുതല്‍ ഇടപാടുകാർ രംഗത്തെത്തിയതോടെ പ്രതികരണവുമായി നിലവിലെ ഭരണസമിതി പ്രസിഡന്‍റ് വെങ്കിട്ടരാമണ ഭട്ട്. മുഗു സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് കാരണം മുന്‍ ഭരണസമിതിയാണെന്ന് ബാങ്ക് പ്രസിഡന്‍റ് പറയുന്നു. സ്വന്തക്കാരുടെ പേരില്‍ ചട്ടങ്ങള്‍ ലംഘിച്ച് മുന്‍ സെക്രട്ടറി വായ്‌പകള്‍ നല്‍കിയിട്ടുണ്ട്.
മുഗു സഹകരണ ബാങ്കിലെ ക്രമക്കേടുകൾക്ക് കാരണം മുന്‍ ഭരണസമിതി: ബാങ്ക് പ്രസിഡന്‍റ് വെങ്കിട്ടരാമണ ഭട്ട് - കാസര്‍കോട് മുഗു സഹകരണ ബാങ്കിലെ ക്രമക്കേടുകളെ കുറിച്ച് ബാങ്ക് പ്രസിഡന്‍റ് വെങ്കിട്ടരാമണ ഭട്ട്
ബാങ്ക് ചട്ടങ്ങള്‍ ലംഘിച്ച് മുന്‍ സെക്രട്ടറി സ്വന്തക്കാര്‍ക്ക് ഭൂമിയുടെ മൂല്യത്തെക്കാള്‍ വായ്‌പകള്‍ നല്‍കിയിരുന്നു. ബാങ്കില്‍ ഇത്തരത്തില്‍ 30 കോടിയിലധികം രൂപയുടെ ക്രമക്കേടാണ് നടന്നതെന്നും ഭട്ട് ഇടിവി ഭാരതിനോട് പറഞ്ഞു
നിക്ഷേപകർ ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്നും ഭട്ട് പറഞ്ഞു. ഭൂമിയുടെ മൂല്യത്തെക്കാൾ കൂടുതല്‍ വായ്‌പ നല്‍കിയതും പലരും തിരിച്ചടക്കാതിരുന്നതും നിലവിലെ പ്രതിസന്ധിക്ക് കാരണമായെന്നും ഭട്ട് പറഞ്ഞു. അതേസമയം വിഷയത്തില്‍ ഇടപെടാന്‍ മുന്‍ ഭരണസമിതിയോ സെക്രട്ടറിയോ തയാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്ക് ഇടപാടുകാരുടെ രേഖകള്‍ അനധികൃതമായി ഉപയോഗിച്ച് വായ്‌പ തട്ടിപ്പു നടത്തിയെന്നാണ് ഇടപാടുകരുടെ ആരോപണം. സംഭവത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. 35 വർഷമായി ബിജെപി നേതൃത്വത്തിലുള്ള ഭരണ സമിതി നിയന്ത്രിക്കുന്ന ബാങ്കിൽ നടന്നത് 30 കോടിയോളം രൂപയുടെ ക്രമക്കേട് ആണെന്ന ആരോപണവും ഉയരുന്നതിനിടെയാണ് ബാങ്ക് പ്രസിഡന്‍റ് പ്രതികരണവുമായി എത്തിയത്.