കാസര്‍കോട് :വിദ്വേഷങ്ങളുടെ കാലത്ത് ജാതിഭേദമന്യേ ജനങ്ങളെ കൂട്ടിയിണക്കിയുള്ള പള്ളി ഉദ്‌ഘാടനം ശ്രദ്ധേയമായി. ഉദുമ ടൗണ്‍ ജുമ മസ്‌ജിദിന് കീഴില്‍ നിര്‍മിച്ച ഈച്ചിലിങ്കാല്‍ മസ്‌ജിദുസലാമയുടെ ഉദ്‌ഘാടനമാണ് ജനശ്രദ്ധ നേടിയത്. പുനര്‍നിര്‍മാണം നടത്തിയ പള്ളി ഇന്നലെയാണ് (ഒക്‌ടോബര്‍ 7) ഉദ്ഘാടനം ചെയ്‌തത്. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് മുക്കുന്നോത്ത് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗങ്ങളടക്കം നിരവധി പേരാണെന്നത് ഏറെ ശ്രദ്ധേയമായി.
ഭേദങ്ങളില്ലാതെ ചേര്‍ന്നുനില്‍ക്കുന്നു കാസര്‍കോട്ടെ ഈ പള്ളിയും ക്ഷേത്രവും ; വിദ്വേഷകാലത്തെ മൈത്രീ മാതൃക
ഇന്നലെ (ഒക്‌ടോബര്‍ 7) വൈകിട്ടായിരുന്നു പള്ളിയുടെ ഉദ്ഘാടന ചടങ്ങ്
നാല് പതിറ്റാണ്ട് പഴക്കമുള്ള പള്ളിയാണ് പുനര്‍നിര്‍മാണം നടത്തിയത്. പ്രദേശത്തെ ജാതി മത ഭേദമന്യേ സ്‌ത്രീകളടക്കമുള്ളവര്‍ പള്ളി സന്ദര്‍ശിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചതും ക്ഷേത്ര കമ്മിറ്റിയാണ്. പള്ളിയും പള്ളിയറയും (ക്ഷേത്രത്തിന് വടക്കന്‍ കേരളത്തില്‍ പറയുന്ന പേര്) ഒന്നാണെന്നാണ് ഇരുവിഭാഗത്തിന്‍റെയും അഭിപ്രായം.
ചടങ്ങിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശനം നടത്താനായി പള്ളി തുറന്ന് കൊടുത്തിരുന്നു. കൂടാതെ മതപ്രഭാഷണവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്കാണ് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പള്ളിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചത്.