കാസര്‍കോട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെൽ ഇഎംഎൽ കാസർകോട് യൂണിറ്റ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. 15 മാസമായി ശമ്പളം മുടങ്ങിയ ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന് ഏകദിന സത്യാഗ്രഹ സമരവുമായി രംഗത്തെത്തി. കേന്ദ്ര പൊതുമേഖലയിൽ നിന്നും സംസ്ഥാന പൊതുമേഖലയിലേക്കുള്ള ഏറ്റെടുക്കൽ നടപടികൾ വൈകിയതോടെയാണ് സ്ഥാപനത്തിലെ ജീവനക്കാർ അതിജീവന സമരം തുടങ്ങിയത്. മാസങ്ങളായി ശമ്പളം ലഭിക്കാതെ ജീവനക്കാർ തൊഴിലെടുക്കേണ്ട സ്ഥിതി വന്നതോടെ സമരം രാഷ്ട്രീയപാർട്ടികളും ഏറ്റെടുത്തു. ജീവനക്കാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കണമെന്നാവശ്യപ്പെട്ടാണ് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ സത്യാഗ്രഹ സമരവുമായി രംഗത്തെത്തിയത്. 49 ശതമാനം സംസ്ഥാന ഓഹരിയുള്ള സ്ഥാപനത്തിലെ തൊഴിലാളികളുടെ വിഷയത്തിൽ സംസ്ഥാന സർക്കാർ കത്തിടപാടുകൾ മാത്രമാണ് നടത്തുന്നതെന്നും എംഎൽഎ ആരോപിച്ചു.
ഭെൽ ഇഎംഎൽ സംരക്ഷണമാവശ്യപ്പെട്ട് സത്യാഗ്രഹവുമായി എൻ.എ.നെല്ലിക്കുന്ന് എംഎൽഎ
ഭെൽ ഇഎംഎൽ ജീവനക്കാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കണമെന്നാവശ്യം
സംസ്ഥാന പൊതുമേഖലയിലെ കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് 2011 കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിൽ ലയിക്കുമ്പോൾ അഞ്ച് കോടി രൂപ വാർഷിക അറ്റാദായം നേടിയ സ്ഥാപനമായിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് 32 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയിലേക്ക് സ്ഥാപനം കൂപ്പുകുത്തി. പ്രതിസന്ധി രൂക്ഷമായപ്പോഴാണ് സ്ഥാപനത്തിലെ മുഴുവൻ ഓഹരികളും ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പത്ത് കോടി രൂപയും സർക്കാർ നീക്കിവെച്ചിട്ടുണ്ട്. എന്നാൽ കൈമാറ്റം നടക്കാതെ യാതൊരു ഇടപെടലും സംസ്ഥാനത്തിന് സാധ്യമാകില്ലെന്നതാണ് യാഥാർഥ്യം. ഏറ്റെടുക്കൽ നടപടി വൈകുന്നുവെന്നാരോപിച്ച് കേന്ദ്രസർക്കാർ നിലപാടിനെതിരെ നേരത്തെ സിഐടിയുവും സമര രംഗത്തെത്തിയിരുന്നു.