കേരളം

kerala

ETV Bharat / state

കാത്തിരിപ്പിന് വിരാമം; കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഒപി തുടങ്ങി - kasargod Medical college OP has started today

മെഡിക്കല്‍ കോളജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളജാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഒ. പി തുടങ്ങി  കാസർകോട് മെഡിക്കൽ കോളജിൽ ന്യൂറോളജിസ്റ്റ് നിയമനം  കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്‌  kasargod Medical college OP has started today  Neurologist service at kasargod Medical college
കാത്തിരിപ്പിന് വിരാമം; കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഒ. പി തുടങ്ങി

By

Published : Jan 3, 2022, 5:44 PM IST

കാസർകോട്:പ്രതിഷേധങ്ങള്‍ക്കും ഏറെ നാളത്തെ കാത്തിരിപ്പിനും ഒടുവിൽ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഒപി തുടങ്ങി. പ്രഖ്യാപിച്ചതിലും ഒരു മാസം വൈകിയാണ് മെഡിക്കൽ കോളജിൽ ഒ.പി ആരംഭിച്ചതെങ്കിലും ജനങ്ങൾ ഏറെ പ്രതീക്ഷയിലാണ്. ഘട്ടം ഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്‍റെ വാക്കുകളും കാസർകോട്ടെ ജനങ്ങൾക്ക് ആശ്വാസമാകുന്നു.

ജീവനക്കാരും മരുന്നുകളും സജ്ജം

മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഒപി പ്രവര്‍ത്തിക്കുക. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

കാത്തിരിപ്പിന് വിരാമം; കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഒ. പി തുടങ്ങി

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കാസർകോടിന്‍റെ ദീര്‍ഘനാളായുള്ള ആവശ്യമായ ന്യൂറോളജിസ്റ്റിനെ നിയമിക്കുകയും ചെയ്‌തു. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.

മികച്ച ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി

കാസർകോട് മെഡിക്കല്‍ കോളജിനെ മികച്ച ആശുപത്രിയാക്കി മാറ്റുകയാണ് ലക്ഷ്യം. കാസർകോട്ടെ ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദഗ്‌ധ ചികിത്സ ലഭ്യമാക്കും. ഒപി പ്രവര്‍ത്തനം ആരംഭിച്ചത് കാസർകോടിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടതാണ്.

ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഈ മെഡിക്കല്‍ കോളജിനെ പൂര്‍ണ തോതിലുള്ള മെഡിക്കല്‍ കോളജാക്കി മാറ്റുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിച്ചു. 108 ആംബുലന്‍സ് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന് കാസർകോട് പ്രിൻസിപ്പാളിന്‍റെ അധിക ചുമതല നല്‍കി. ആവശ്യമായ മരുന്നുകള്‍ കെ.എം.എസ്.സി.എല്‍ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊലീസിന്‍റെ സേവനവും മാലിന്യ സംസ്‌കരണത്തിനായി പഞ്ചായത്തിന്‍റെ സഹകരണവും ഉറപ്പ് വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിഷേധമുയർത്തി സംഘടനകൾ

മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിക്കാത്തതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഒരു മാസം മുമ്പ് പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും നടക്കാതിരിക്കുകയും കൂടാതെ മെഡിക്കൽ കോളജിൽ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്‌തിരുന്നു. ഇതോടെയാണ് സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ സംരക്ഷണ കവചം തീർത്തു. പ്രതീകാത്മക ഒ.പി തുറന്നായിരുന്നു മുസ്‍ലിം ലീഗിന്‍റെ പ്രതിഷേധം. മെഡിക്കൽ കോളജ് പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം ശക്തമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഒപി പ്രവർത്തനം ആരംഭിച്ചത്.

READ MORE:കാസർകോട് മെഡിക്കൽ കോളജിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചു; ജനറൽ ഒപി മൂന്നു മുതൽ

ABOUT THE AUTHOR

...view details