കാസർകോട്: ജില്ലയുടെ കാര്‍ഷിക ചരിത്രത്തിന്‍റെ ഭാഗമായ കാഞ്ഞങ്ങാട്ടെ അലാമിപ്പള്ളി കുളം പുനര്‍ജനിക്കുന്നു. ഹരിത കേരളം പദ്ധതിയിലൂടെയാണ് കുളം വീണ്ടെടുക്കുന്നത്. കാടുമൂടി മാലിന്യക്കൂമ്പാരമായ പൊതുകുളമാണ് ഇതിലൂടെ സംരക്ഷിക്കപ്പെടുന്നത്. 17 ലക്ഷം രൂപ വകയിരുത്തിയാണ് കുളം നവീകരണം നടക്കുന്നത്.
ഈ കുളത്തിന് കാഞ്ഞങ്ങാടിന്‍റെ പഴയകാല കാര്‍ഷിക ചരിത്രത്തിലും അലാമിക്കളിയെന്ന അനുഷ്ഠാനകലയുമായി ബന്ധമുണ്ട്. ഒരു കാലത്ത് അലാമിപ്പള്ളി പ്രദേശത്തുള്ളവരുടെ പ്രധാന ശുദ്ധജല സ്രോതസായിരുന്ന കുളം കാലക്രമേണ നശിച്ചു പോകുകയായിരുന്നു. ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.