കേരളം

kerala

ETV Bharat / state

ചീമേനി ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം - ജാനകി ടീച്ചർ വധക്കേസ് പ്രതികൾക്ക് ജീവപര്യന്തം

നിർണായക സംഭവം 2017 ഡിസംബര്‍ 13ൽ; ഒന്നാം പ്രതി വിശാഖ് (27), മൂന്നാം പ്രതി അരുൺ (30), എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

Kasargod janaki teacher murder case verdict  Puliyannur janaki teacher murder case  പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസ്  കാസർകോട് അധ്യാപികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്  ജാനകി ടീച്ചർ വധക്കേസ് പ്രതികൾക്ക് ജീവപര്യന്തം  Janaki teacher murder accused sentenced to life imprisonment
പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തവും കഠിന തടവും വിധിച്ച് കോടതി

By

Published : May 31, 2022, 2:51 PM IST

Updated : May 31, 2022, 5:51 PM IST

കാസർകോട്: ചീമേനി പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂർ ചീർകുളം പുതിയവീട്ടിൽ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടിൽ അരുൺ (30), എന്നിവരെയാണ് കാസർകോട് ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.

302 വകുപ്പ് പ്രകാരം ജീവപര്യന്തം, 452 വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവ്, 394 വകുപ്പ് പ്രകാരം പത്തുവർഷം കഠിന തടവ്, 307 വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിന തടവ് തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി.

പുലിയന്നൂർ ജാനകി ടീച്ചർ വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തവും കഠിന തടവും

മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്‌ച (മെയ് 30) കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ഥികളാണ് പ്രതികൾ.

5 വർഷങ്ങൾക്ക് ശേഷം നിർണായകവിധി:2017 ഡിസംബര്‍ 13ന് രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപികയായ ജാനകിയെ (65) മുഖംമൂടി ധരിച്ചെത്തിയ പ്രതികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയും 17 പവന്‍ സ്വര്‍ണവും 92,000 രൂപയും കൊള്ളയടിക്കുകയും ചെയ്തെന്നാണ് കേസ്. ജാനകിയുടെ നിലവിളി കേട്ട് ഞെട്ടിയുണര്‍ന്ന ഭര്‍ത്താവ് കെ. കൃഷ്‌ണനെ സംഘം കഠാര കൊണ്ട് കുത്തിവീഴ്ത്തിയാണ് രക്ഷപ്പെട്ടത്.

മംഗളൂരു ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെ കൃഷ്‌ണന്‍ നല്‍കിയ മൊഴിയില്‍ നിന്ന് ലഭിച്ച സൂചനകള്‍ക്ക് പുറമെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കവര്‍ച്ച ചെയ്‌ത സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.

ജാനകി വധക്കേസിലെ ഒന്നാംപ്രതിയായ വിശാഖിന്‍റെ വീട്ടില്‍ നിന്ന് സ്വര്‍ണം വില്‍പന നടത്തിയതിന്‍റെ ബില്ല് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂരിലെ ജ്വല്ലറിയുടെ ബില്ലായിരുന്നു ഇത്. കേസന്വേഷണത്തില്‍ ഇതോടെ നിര്‍ണായക വഴിത്തിരിവുണ്ടായി. സംഭവത്തിന് മുമ്പും ശേഷവും പ്രതികള്‍ നടത്തിയ ഫോണ്‍വിളികളുടെ രേഖകളും പൊലീസ് ശേഖരിച്ചിരുന്നു.

മൊബൈല്‍ ടവര്‍ ലൊക്കേഷനും കേസ് തെളിയിക്കാന്‍ സഹായകമായി. കൃഷ്‌ണന്‍റെ കൈ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ സാമ്പിള്‍ മൂന്നാംപ്രതി അരുണ്‍ കുമാറിന്‍റേതായിരുന്നു. ജാനകിയുടെ വായില്‍ ഒട്ടിച്ച മാസ്‌കിങ് ടാപ്പും മുഖംമൂടിയും നീലേശ്വരത്തെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്നും കണ്ടെത്തി. കൊലപാതക സമയത്ത് മൂന്നുപ്രതികളും ധരിച്ച മുഖം മൂടികളും പിന്നീട് കണ്ടെത്തിയിരുന്നു.

ആസൂത്രണവും കൊലപാതകവും :2017 ഡിസംബറിൽ വിദേശത്ത് ജോലി ചെയ്‌തിരുന്ന കേസിലെ മൂന്നാം പ്രതിയായ അരുൺ അവധിക്കായി നാട്ടിലെത്തി. ഉറ്റ സുഹൃത്തക്കളായ പുലിയന്നൂരിലെ വിശാഖിനെയും റിനീഷിനെയും വിളിച്ചുചേർത്ത് അവധി ദിനങ്ങൾ ആസ്വദിക്കുന്നതിനിടെയാണ്, സംഘം കവർച്ചയ്ക്ക് കളമൊരുക്കിയത്. മദ്യപാന സഭയിലെ ഗൂഢാലോചന ചെന്നെത്തിയത് ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച സ്വന്തം അധ്യാപികയുടെ വീട്ടിലേക്ക്.

ജാനകി ടീച്ചറും വയോധികനായ ഭർത്താവും മാത്രം താമസിക്കുന്ന വീടിന്‍റെ ഒരു കിലോ മീറ്റർ ചുറ്റളവിലാണ് പ്രതികളായ രണ്ടുപേരുടെ അടക്കം മൂന്നു പേരുടെയും വീടുകൾ. ടീച്ചറുടെ വീടും പരിസരവും നന്നായി അറിയുന്ന സംഘം നാട്ടിലെ ധർമശാസ്ത്ര ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് നടക്കുന്ന ഡിസംബർ 13 കവർച്ചയ്ക്കായി തെരഞ്ഞെടുത്തു.

കവർച്ചയ്ക്കിടെ ചെറുത്തുനിൽക്കാൻ ടീച്ചറോ ഭർത്താവ് കൃഷ്‌ണനോ ശ്രമിച്ചാൽ വകവരുത്തണമെന്ന് സംഘം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇതിനായി ആയുധവും കൈയിൽ കരുതിയിരുന്നു. പ്രദേശവാസികളെല്ലാം ഉത്സവത്തിനുപോയതിന് ശേഷം രാത്രി പത്ത് മണിയോടെ സംഘം മുഖംമൂടി ധരിച്ച് ജാനകി ടീച്ചറുടെ വീട്ടിലെത്തി. മുൻവാതിൽ തട്ടിയ ഉടൻ ടീച്ചറുടെ ഭർത്താവ് കൃഷ്‌ണൻ വാതിൽ തുറന്നു.

കൃഷ്‌ണനെ തള്ളിമാറ്റി സംഘം ഉള്ളിൽ പ്രവേശിച്ച് വാതിൽ അടച്ചു. അതിവേഗത്തിൽ ഇരുവരെയും ബന്ധിയാക്കി സ്വർണവും പണവും കവർന്നു. ഇതിനിടെ മുഖംമൂടി മാറ്റിയ അരുണിനെ ടീച്ചർ തിരിച്ചറിഞ്ഞു. ആ നിമിഷമാണ് തങ്ങളുടെ അധ്യാപകയെ കൊലപ്പെടുത്താൻ സംഘം തീരുമാനിക്കുന്നത്. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജാനകി ടീച്ചറെ കഴുത്തറത്ത് കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച കൃഷണനെയും സംഘം ക്രൂരമായി ആക്രമിച്ചു.

പൊലീസ് അന്വേഷണം:പ്രാദേശികമായി ആസൂത്രണം ചെയ്‌ത കൊലപാതകമല്ലെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. പിന്നീട് നാടിനെ നടുക്കിയ സംഭവത്തിന്‍റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിനെ രൂപീകരിച്ചു. രാത്രി 12 മണിയോടെയാണ് കൊലപാതക വിവരം നാട്ടുകാരും അറിയുന്നത്.

കാസർകോട് ജില്ല മുൻ പൊലീസ് മേധാവി കെ.ജി സൈമണിന്‍റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. അന്നത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി കെ. ദാമോദരനായിരുന്നു അന്വേഷണ ചുമതല. പ്രദേശത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തിലെ അന്വേഷണം. തൊഴിലാളികളെയെല്ലാം വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു.

അന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലാതയതോടെ അന്വേഷണത്തിന്‍റെ ദിശ വീണ്ടും മാറി. ആക്രി ശേഖരിക്കാനെത്തിയ സംഘങ്ങളുടെ വാഹനം കൃത്യം നടന്ന ദിവസം പുലിയന്നൂരിലും സമീപ പ്രദേശങ്ങളിലും ഉണ്ടായിരുന്ന വിവരം പൊലീസിന് ലഭിച്ചു. പക്ഷെ അവിടെയും തുമ്പുണ്ടായില്ല. അപ്പോഴും തങ്ങൾ സുരക്ഷിതരാണെന്ന ബോധ്യത്തിൽ യഥാർഥ കൊലപാതകികൾ നാട്ടിൽ വിലസി നടന്നു.

അതിനിടെ കേസിലെ മൂന്നാം പ്രതിയായ അരുൺ വിദേശത്തേക്ക് പോയി. എങ്ങുമെത്താതെ അന്വേഷണം പാതിവഴിയിൽ നിൽക്കെയാണ് നിർണായകമായ ആ ദിവസം വന്നെത്തുന്നത്. കേസിലെ മൂന്നാം പ്രതിയായ അരുണിന് മടങ്ങിപോകുന്നതിനായി ഒളിപ്പിച്ചുവച്ചിരുന്ന സ്വർണം സംഘം വിവിധ ജില്ലകളിലും, മംഗളൂരുവിലും എത്തിച്ച് വിൽപന നടത്തി. ഇതാണ് കേസിലെ നിർണായക തെളിവായി മാറിയത്.

കണ്ണൂരിൽ സ്വർണം വിൽപന നടത്തിയ ജ്വല്ലറിയിലെ ബില്ല് കേസിലെ ഒന്നാം പ്രതിയായ വിശാഖിന്‍റെ ഷർട്ടിന്‍റെ കീശയിൽ നിന്ന് വിശാഖിന്‍റെ പിതാവിന് ലഭിച്ചു. ഇത്രയധികം സ്വർണം എങ്ങനെ മകന് ലഭിച്ചുവെന്ന സംശയത്തെ തുടർന്ന് ഈ ജ്വല്ലറി ബിൽ പൊലീസിന് കൈമാറുകയും ചെയ്‌തു. ആ പിതാവിന്‍റെ ധീരമായ തീരുമാനമാണ് സുരക്ഷിതരാണെന്ന് കരുതിയ കൊലപാതികികളിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചത്.

Last Updated : May 31, 2022, 5:51 PM IST

ABOUT THE AUTHOR

...view details