കാസര്‍കോട്: അശാസ്‌ത്രീയവും മുന്‍കരുതലുകളില്ലാത്തതുമായ ജലവിനിയോഗം മൂലം കാസർകോട് ജില്ലയുടെ ഭൂഗര്‍ഭജലനിരപ്പ് താഴ്ന്ന സാഹചര്യത്തില്‍ ജലവിനിയോഗനയം രൂപീകരിക്കാൻ തീരുമാനം. ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെത്തിയ കേന്ദ്ര പ്രതിനിധിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി മൂന്ന് മാസത്തിനകം ജലനയം ആവിഷ്‌കരിക്കും. കുടിവെള്ളത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് ആലോചനയിലുള്ളത്. പരമ്പരാഗത കാർഷിക ജലസേചനം, കാർഷിക ആവശ്യങ്ങൾക്കുള്ള സൗജന്യ വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കാതലായ മാറ്റം ഉണ്ടാകും. ഭൂഗർഭജലത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്ന കുഴൽക്കിണറുകൾക്ക് നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുഴല്‍ക്കിണറുകളും വെള്ളമില്ലാത്ത കുഴല്‍ക്കിണറുകളുമുള്ള കാസര്‍കോട്, വന്‍ദുരന്തമാണ് സമീപ ഭാവിയില്‍ നേരിടാന്‍ പോകുന്നതെന്ന് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര പ്രതിനിധി അശോക് കുമാര്‍ സിങ് വിലയിരുത്തിയിരുന്നു. ജില്ലയിലെ ആറ് ബ്ലോക്കുകളിൽ മൂന്നെണ്ണം സെമി ക്രിട്ടിക്കലാണ്. കാസർകോട് ബ്ലോക്കിലാണ് ഏറെയും ജലദൗർലഭ്യമുള്ളത്. 98 ശതമാനവും ഭൂഗർഭജലം തീർന്നതോടെ ക്രിട്ടിക്കൽ മേഖലയായി മാറിയിരിക്കുകയാണ് കാസർകോട് ബ്ലോക്ക്. ഇവിടെ ബാക്കിയുള്ള രണ്ട് ശതമാനം ഭൂഗർഭജലം സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് ജലവിനിയോഗ നയത്തിൽ ഉൾക്കൊള്ളിക്കുക. കേന്ദ്ര സഹായത്തോടെയാണ് ജലനയത്തിന്‍റെ ഭാഗമായി പദ്ധതികൾ നടപ്പിലാക്കുന്നത്.