കാസർകോട് :ഇന്ധനവില വര്‍ധനവില്‍ നട്ടെല്ലൊടിഞ്ഞ ഓട്ടോ തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് പമ്പുടമ. കാസര്‍കോട് എൻമകജെ പഞ്ചായത്തിലെ പെര്‍ളയില്‍ പ്രവര്‍ത്തിക്കുന്ന കുതുക്കോളി പമ്പില്‍ നിന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മൂന്ന് ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കിയത്.
ഒരു ദിവസത്തേക്കാണ് ഓട്ടോ തൊഴിലാളികള്‍ക്കായുള്ള ഓഫര്‍ കുതുക്കോളി പമ്പ് പ്രഖ്യാപിച്ചത്. അബുദാബിയിലെ ചാര്‍ട്ടേഡ് അകൗണ്ടന്‍റായ അബ്‌ദുല്ല മദുമൂലെ ആണ് പമ്പിന്‍റെ ഉടമ. സഹോദരന്‍ സിദ്ദിഖ് മദുമൂലെയാണ് പമ്പ് നടത്തുന്നത്.
ഇവിടെ എത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പെട്രോളോ, ഡീസലോ മൂന്ന് ലിറ്റര്‍ വീതമാണ് സൗജന്യമായി നല്‍കിയത്. കൊവിഡ് മൂലം പ്രതിസന്ധിയിലായതിന് പിന്നാലെ ദിവസേന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പമ്പുടമയുടെ സഹായം വിലമതിക്കാനാവാത്തതാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.