ഒന്‍പത് വര്‍ഷമായി മകള്‍ വീടിനുള്ളിലെ ഇരുമ്പ് വാതിലിട്ട മുറിയില്‍ ; പുറത്ത് കാവലായി അമ്മ കാസര്‍കോട് :മകളുടെ മനോനില തെറ്റുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ വർഷങ്ങളായി അവളെ വീട്ടിലെ തടവറയിൽ പൂട്ടിയിടാന്‍ നിര്‍ബന്ധിതയായി ഒരമ്മ. കാസർകോട് ബാരിക്കാട് ആണ് ആരുടെയും നെഞ്ചുരുകുന്ന ഈ കാഴ്‌ച. ഒന്‍പത് വർഷമായി മകൾ വീടിനുള്ളിലെ തടവറയിലും ഈ അമ്മ പുറത്തും നിൽക്കാൻ തുടങ്ങിയിട്ട്.
ഇരുമ്പുകമ്പികള്‍ കൊണ്ട് വാതില്‍ തീർത്ത മുറിയിലാണ് ഇരുപത്തിയൊന്നുകാരിയായ അഞ്ജലിയെ അമ്മ രാജേശ്വരി സംരക്ഷിക്കുന്നത്. കാസർകോട്ടെ നിരവധി കുട്ടികളെ പോലെ അഞ്ജലിയും എന്‍ഡോസൾഫാൻ വിതച്ച മഹാദുരിതത്തിന്‍റെ ഇരയാണ്.
ഓട്ടിസം ബാധിതയായ അഞ്ജലിക്ക് സ്വന്തമായൊന്നും ചെയ്യാന്‍ കഴിയില്ല. ചെറുപ്പകാലത്ത് ശാന്തമായി പെരുമാറിയിരുന്നെങ്കിലും ഇപ്പോള്‍ അടുത്തേക്കെത്തുന്നവരെയെല്ലാം ഉപദ്രവിക്കും. സ്വന്തം ശരീരം സ്വയം കടിച്ച് മുറിപ്പെടുത്തും.
കുളിപ്പിക്കാനും ആഹാരം നല്‍കാനുമായാണ് അഞ്ജലിയെ പുറത്തേക്കിറക്കുന്നത്. അപ്പോഴെല്ലാം സഹായം വേണം. കുളിപ്പിക്കുമ്പോഴൊക്കെ അമ്മയെ ഉപദ്രവിക്കും.
ഇടയ്ക്ക് സ്പെഷ്യൽ സ്‌കൂളിൽ പോകുന്നതാണ് ആകെയുള്ള ആശ്വാസം. മകളെ പരിചരിക്കാൻ കൂടെ തന്നെ നിൽക്കണം എന്നുള്ളതിനാൽ രാജേശ്വരിക്ക് പലപ്പോഴും ജോലിക്ക് പോകാൻ കഴിയാറില്ല. കൂടെയുള്ള അമ്മയ്ക്ക് പ്രായമായതിനാൽ അഞ്ജലിയെ നോക്കാനും സാധിക്കില്ല.
1,700 രൂപ പെൻഷൻ കിട്ടുന്നുണ്ട്. വികലാംഗ പെൻഷനുമുണ്ട്. തുഛമായ ഈ തുക കൊണ്ടാണ് ചികിത്സയും മറ്റ് ചിലവുകളും. സ്വന്തമായൊരു കൂരയില്ലാത്തതിനാല്‍ ഈ കുടുംബം കഴിയുന്നത് രാജേശ്വരിയുടെ സഹോദരന്‍റെ വീട്ടിലാണ്.
സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ മൂന്ന് സെന്‍റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വീടിനായി ലൈഫ് പദ്ധതിയിൽ എല്ലാ വർഷവും അപേക്ഷ നൽകാറുണ്ടെങ്കിലും ഇതുവരെ അനുവദിച്ച് കിട്ടിയിട്ടില്ല. കൈവശമുള്ള പുരയിടത്തില്‍ സ്വന്തമായി ഒരു ചെറിയ വീട്, ജീവിക്കാന്‍ ഒരു വരുമാനം, മകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ എന്നിവയാണ് ഇപ്പോള്‍ ഈ അമ്മ ആഗ്രഹിക്കുന്നത്.