കാസർകോട്: ചെക്കിപ്പള്ളം സുബൈദ കൊലപാതകത്തിൽ ഒന്നാം പ്രതി കുറ്റക്കാരനെന്ന് കോടതി. കോട്ടക്കണ്ണി സ്വദേശി അബ്‌ദുൾ ഖാദറിനെതിരായാണ് കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി. പ്രതിക്കുള്ള ശിക്ഷ നാളെ (ഡിസംബര്‍ 14) വിധിക്കും.
അതേസമയം, മൂന്നാം പ്രതി മാന്യ സ്വദേശി അര്‍ഷാദിനെ കോടതി വെറുതെവിട്ടു. കേസിലെ രണ്ടാം പ്രതി അബ്‌ദുള്‍ അസീസ്, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ, സുബൈദയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്.
പുറംലോകമറിഞ്ഞത് രണ്ടുദിവസം കഴിഞ്ഞ്:2018 ജനുവരി 17നാണ് കേസിനാസ്‌പദമായ സംഭവം. ചെക്കിപ്പള്ളത്ത് തനിച്ച് താമസിക്കുന്ന സുബൈദയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം പുറംലോകം അറിയുന്നത്. കാറിലെത്തിയ സംഘം സുബൈദയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു. ചെക്കിപ്പള്ളത്ത് ദർഘാസ് ഭൂമിയിലായിരുന്നു പള്ളിക്കര പാക്കം സ്വദേശിനി സുബൈദ താമസിച്ചിരുന്നത്.
പള്ളിക്കര പ്രദേശത്തെ വീടുകളില്‍ ജോലി ചെയ്‌താണ് സ്‌ത്രീ ജീവിച്ചിരുന്നത്. സുബൈദയ്ക്ക് സ്വന്തമായി സ്വർണാഭരണങ്ങളും സമ്പാദ്യവുമുണ്ടായിരുന്നു. അന്വേഷണത്തിന് നേതൃത്വം നൽകിയ ബേക്കൽ സിഐ 1,500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കേസിൽ നാലാംപ്രതിയെ മാപ്പ് സാക്ഷിയാക്കിയിരുന്നു. മൊത്തം ഒന്‍പത് സാക്ഷികളാണ് കേസിലുള്ളത്. 60 തൊണ്ടിമൊതലുകളും ഹാജരാക്കിയിരുന്നു.