കാസര്‍കോട്: വിഷുക്കണിയില്‍ കണിക്കൊന്ന പോല്‍ പ്രധാനമാണ് വെള്ളരിയും. മാഹാമാരി തീര്‍ത്ത ദുരിതങ്ങള്‍ക്കിടെ മറ്റൊരു വിഷു കൂടി കടന്നു വരുമ്പോള്‍ കുന്നോളം കണിവെള്ളരി വിളവെടുത്തിരിക്കുകയാണ് കര്‍ഷകനായ മണികണ്ഠന്‍. ജൈവ കൃഷിയില്‍ വിളയിച്ച 70 ക്വിന്‍റല്‍ വെള്ളരി കാസര്‍കോട് പെരിയ മുത്തനടുക്കത്തെ തന്‍റെ പുരയിടത്തിലാണ് മണികണ്‌ഠൻ ശേഖരിച്ച് വച്ചിരിക്കുന്നത്.
കണി കാണാൻ വെള്ളരി വേണോ? മുത്തനടക്കത്തേക്ക് പോന്നോളൂ... - വെള്ളരിക്ക
ജൈവ കൃഷിയില്‍ വിളയിച്ച 70 ക്വിന്‍റല്‍ വെള്ളരി കാസര്‍കോട് പെരിയ മുത്തനടുക്കത്തെ തന്‍റെ പുരയിടത്തിലാണ് മണികണ്‌ഠൻ ശേഖരിച്ച് വച്ചിരിക്കുന്നത്.
ഒരേക്കര്‍ വരുന്ന വയലിലായിരുന്നു മണികണ്ഠന്‍റെ വെള്ളരി കൃഷി. മൂന്ന് ദിവസം മുന്‍പ് വിളവെടുത്ത വെള്ളരി വീട്ടുമുറ്റത്ത് ഓലപ്പന്തലൊരുക്കി ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ആകെ വിളവെടുത്ത 70ല്‍ ഇതുവരെ ആറ് ക്വിന്‍റലോളം വിറ്റുപോയി. കഴിഞ്ഞ വര്‍ഷം 50 ക്വിന്‍റല്‍ വെള്ളരിയാണ് വിളവെടുത്തത്.
കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 25 രൂപ വരെ ലഭിച്ചിരുന്നെങ്കിലും ഇത്തവണ 15 രൂപ വരെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് മണികണ്ഠന്‍റെ വിഷമം. വെള്ളരി കൂടാതെ പച്ചമുളക്, പയര്‍, വെണ്ട, വഴുതന, പടവലം തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ എ.ശ്യാമളയും മക്കളായ എ.അനഘയും എ.അര്‍ജുനും സഹായത്തിനായി കൃഷിയിടത്തില്‍ എന്നുമുണ്ടാകും. പകല്‍സമയത്ത് വില്‍പ്പനയുടെ മേല്‍നോട്ടം ഇവര്‍ക്കാണ്. വിഷു കൈയെത്തും ദൂരത്ത് എത്തിയെങ്കിലും കുതിച്ചുയരുന്ന കൊവിഡ് കണക്കുകള്‍ വീണ്ടുമൊരു ലോക്ഡൗണ്‍ സാധ്യത നിലനിര്‍ത്തുന്നതിനാല്‍ കച്ചവടക്കാര്‍ കൂടുതല്‍ വെള്ളരിയെടുക്കാന്‍ തയാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.