കാസര്‍കോട് ആശങ്ക വര്‍ദ്ധിക്കുന്നു; കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍
കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ മഞ്ചേശ്വരം ഉള്‍പ്പെടെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസര്‍കോട്: സമ്പർക്ക ഭീതി വർധിപ്പിച്ച് ജില്ലയിൽ കൂടുതൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നു. വിവാഹം മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവർക്ക് ഉൾപ്പെടെ രോഗം വ്യാപിച്ച സാഹചര്യത്തിലാണ് പുതുതായി മൂന്ന് ക്ലസ്റ്ററുകൾ കൂടി രൂപപ്പെട്ടത്. നീര്‍ച്ചാല്‍, നാട്ടക്കല്ല്, ചെങ്കളയിലെ കല്യാണം മാരേജ് ക്ലസ്റ്റര്‍ എന്നീ ക്ലസ്റ്ററുകള്‍ക്കാണ് ജില്ലയില്‍ പുതുതായി രൂപം കൊടുത്തത്. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒമ്പതായി.
ചെങ്കള പഞ്ചായത്തിലെ നാലാം വാർഡിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത 128 പേർക്ക് നടത്തിയ പരിശോധനയില്‍ 43 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു.
സമാനമായ രീതിയിൽ മംഗൽപാടി പഞ്ചായത്തിലെ അഞ്ചാം വാർഡിലും വിവാഹം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാസര്‍കോട് ചന്തയിൽ 514 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 70 പേര്‍ പോസിറ്റീവാണെന്ന് കണ്ടെത്തി. ചെങ്കള ഫ്യൂണറല്‍ ക്ലസ്റ്ററിൽ 44 പേരും മംഗല്‍പ്പാടി മൂന്നാം വാർഡിൽ 255 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 10 ഉം മഞ്ചേശ്വരം 11, 12, 13 വാർഡുകളിൽ 249 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 20 ഉം കുമ്പള ചന്ത ക്ലസ്റ്ററിൽ 24 ഉം നാട്ടക്കല്ല് 82 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 23 ഉം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. നീര്‍ച്ചാലിൽ 61 ൽ 13 പേരും
കുമ്പള വാര്‍ഡ് ഒന്നിൽ 195 ൽ 28 പേരിലും കൊവിഡ് സ്ഥിരീകരിച്ചു. അതേ സമയം
മഞ്ചേശ്വരം, കുമ്പള, കാസകോട്, ഹൊസ്‌ദുര്‍ഗ്, നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഓട്ടോ-ടാക്സി സർവ്വീസുകൾ അനുവദിക്കില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചു വരെ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം.ദേശീയ പാതയിലടക്കം നിയന്ത്രണം കർശനമാക്കാനാണ് പൊലീസിന്‍റെ തീരുമാനം.