കാസർകോട്: തീരദേശ പരിപാലന നിയമത്തിന്‍റെ നൂലാമാലകളിൽ ഉൾപ്പെട്ട് കാസർകോട് ജില്ലയിലെ കടലോര മേഖല. ഈ നിയമം കാരണം 600 കുടുംബങ്ങളാണ് വീട്ടുനമ്പർ ഉൾപ്പെടെ ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. തീരദേശ പരിപാലന നിയമത്തിനെതിരെയുള്ള പരാതികൾ പരിഗണിച്ച് തുടർപഠനം നടത്തുമെന്ന് സർക്കാർ പറയുന്നുവെങ്കിലും ഒന്നും നടന്നില്ല. വീട് നിർമാണത്തിനായി പഞ്ചായത്ത് അധികൃതർ ആദ്യം അനുമതി നൽകുകയും തുടർന്ന് പണിപൂർത്തിയായ ശേഷം തീരദേശ പരിപാലന നിയമം ചൂണ്ടിക്കാട്ടി വീട്ടുനമ്പർ ഉൾപ്പെടെ അനുവദിക്കുന്നില്ലെന്നാണ് പരാതി.
മത്സ്യബന്ധനം ഉപജീവനമാർഗമാക്കിയ ജനത പുതിയ നിയമം കാരണം വീട് നിർമിക്കാതെ മേഖലയിൽ നിന്നും പലായനം ചെയ്യേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയിലെ 21 പഞ്ചായത്തുകളും മൂന്ന് നഗരസഭകളുമാണ് തീരദേശ പരിപാലന നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുന്നത്. ഏഴ് പഞ്ചായത്തുകൾ തീരദേശ പരിപാലന നിയമം കാറ്റഗറി മൂന്നിൽ നിന്ന് കൂടുതൽ ഇളവുകൾ ലഭിക്കുന്ന തരത്തിലുള്ള കാറ്റഗറി രണ്ടിലേക്ക് മാറിയിട്ടുണ്ട്. അജാനൂർ, ചെങ്ങള, മൊഗ്രാൽ പുത്തൂർ, പള്ളിക്കര, പുല്ലൂർ പെരിയ, തൃക്കരിപ്പൂർ, ഉദുമ പഞ്ചായത്തുകൾക്കാണ് ഇളവ് ലഭിച്ചിട്ടുള്ളത്.
പുനർഗേഹം പദ്ധതിയിലുൾപ്പെട്ട നഗരസഭയിലെ 80 ഗുണഭോക്താക്കളിൽ വീടുവയ്‌ക്കാനായത് ഏട്ട് പേർക്ക് മാത്രമാണ്. പത്തും പതിനഞ്ചും വർഷം മുൻപ് വീട് വച്ചവർ വീട്ടുനമ്പറിനായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. വീട് വയ്‌ക്കുമ്പോൾ അൺ ഓതറൈസ്‌ഡ് കൺസ്ട്രക്ഷൻ നമ്പർ (യുഎ നമ്പർ) എടുത്തവർക്ക് നികുതിയിനത്തിൽ 10,000 രൂപ വരെ അടക്കേണ്ടവർ ഇരട്ടിയോളം വരുന്ന തുകയായ 20,000 രൂപ വരെ നൽകണമെന്ന ഗതികേടാണ് ഇപ്പോൾ ഉള്ളത്.