ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് സഹോദരിയെ കൊലപ്പെടുത്തിയ കേസ്;കുറ്റപത്രം സമർപ്പിച്ചു
ബളാലിലെ ആന്‍മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ഹോസ്‌ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്.
കാസർകോട്: ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് നല്‍കി പതിനാറുകാരിയെ സഹോദരന്‍ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബളാലിലെ ആന്‍മേരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ഹോസ്‌ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചത്.
ബളാല്‍ അരിങ്കല്ലിലെ ബെന്നി- ബെസി ദമ്പതികളുടെ മകള്‍ ആന്‍മേരിയുടെ കൊലപാതകം സഹോദരന്‍ ആല്‍ബിന്‍ ഒറ്റയ്‌ക്കാണ് നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡോക്‌ടര്‍മാരും പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജനും ഉള്‍പ്പെടെ നൂറോളം സാക്ഷികളാണ് ഉള്ളത് കേസിലുള്ളത്. ആന്‍മേരിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച എലിവിഷത്തിന്‍റെ ട്യൂബ് കത്തിച്ച അവശിഷ്‌ടങ്ങള്‍, ഐസ്‌ക്രീം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ തുടങ്ങിയവയും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കിയിരുന്നു.
2020 ഓഗസ്റ്റ് അഞ്ചിനാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. യൂ ട്യൂബിന്‍റെ സഹായത്തോടെ ആല്‍ബിന്‍ ബെന്നി ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ജുലൈ 30നാണ് വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. ആദ്യദിവസം സഹോദരി ആന്‍ മേരിക്ക് ഒപ്പം ആല്‍ബിനും ഐസ്‌ക്രീം കഴിച്ചു. അടുത്ത ദിവസമാണ് കൈയില്‍ സൂക്ഷിച്ച എലിവിഷം ബാക്കിയുള്ള ഐസ്‌ക്രീമില്‍ ചേര്‍ത്തത്. ആന്‍ മേരിയും പിതാവുമാണ് പിന്നീട് ഐസ്‌ക്രീം കഴിച്ചത്. ആന്‍ മേരിക്ക് ഐസ്‌ക്രീം കഴിച്ചതിനു ശേഷം ഉണ്ടായ ഛര്‍ദിയെ തുടര്‍ന്ന് വീട്ടില്‍ ബാക്കി വന്ന ഐസ്‌ക്രീം അമ്മ ബെസി വളര്‍ത്തു പട്ടികള്‍ക്ക് നല്‍കുവാന്‍ ആല്‍ബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആല്‍ബിന്‍ ഇതിന് തയ്യാറാകാത്തത് സംശയമുയര്‍ത്തി. ഇതാണ് കേസില്‍ വഴിത്തിരിവായതും.