കേരളം

kerala

ETV Bharat / state

കാസര്‍കോട്‌ 'കെല്‍' പ്രവര്‍ത്തന സജ്ജം ; ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സ്ഥാപനം മുഴുവനായി സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലായതോടെ 'ഭെല്‍ ഇഎംഎല്‍' ഇനി 'കെല്‍ ഇഎംഎല്‍' എന്ന് അറിയപ്പെടും

Kerala kel eml  Pinarayi Vijayan inauguration kel  Bhel in kasargod  കാസര്‍കോട്‌ 'കെല്‍'  കാസര്‍കോട്‌ ഭെല്‍
കാസര്‍കോട്‌ 'കെല്‍' പ്രവര്‍ത്തന സജ്ജം; ഏപ്രില്‍ 1ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

By

Published : Mar 26, 2022, 10:30 AM IST

കാസര്‍കോട്‌: ഏറെനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് 'ഭെല്‍ ഇഎംഎല്‍' (ഭാരത്‌ ഹെവി ഇലക്ടിക്കല്‍സ്‌) 'കെല്‍ ഇഎംഎല്‍' (കേരള ഇലക്ട്രിക്കല്‍ ആന്‍ഡ്‌ അലൈഡ്‌ എൻജിനീയറിങ്‌ കമ്പനി ലിമിറ്റഡ്‌) എന്ന പേരില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെല്‍ ഇഎംഎല്‍ ഉദ്‌ഘാടനം ചെയ്യും. രണ്ട് വര്‍ഷം പൂട്ടിക്കിടന്ന സ്ഥാപനം കേരള സര്‍ക്കാർ ഏറ്റെടുത്തതോടെയാണ് വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നത്.

ഉദ്‌പാദനക്കുറവും സമരകാലവും അടച്ചുപൂട്ടലും :1990 ല്‍ സ്ഥാപിച്ച കമ്പനി 2010ലാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന്‍റെ സബ്‌സിഡിയറി സ്ഥാപനമായി ഭെല്‍ ഇഎംഎല്‍ എന്ന പേരിലേക്ക് മാറിയത്. എന്നാല്‍ കമ്പനി ഉത്‌പാദന മികവില്ലാതെ കൂടുതല്‍ നഷ്‌ടത്തിലേക്ക് വീണുവെന്ന് മാത്രമല്ല നീണ്ടുനിന്ന തൊഴില്‍ സമരങ്ങള്‍ കാരണം അടച്ചുപൂട്ടി.ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് (ഭെല്‍) 51 ശതമാനം ഓഹരിയും കേരള സര്‍ക്കാരിന് 49 ശതമാനം ഓഹരിയുമാണുണ്ടായിരുന്നത്.

എന്നാല്‍ ഭെല്ലിൽ നിന്ന്‌ പ്രതീക്ഷിച്ച പിന്തുണ ലഭിക്കാത്തതിനാൽ ഓഹരി നഷ്‌ടത്തിലായി. തുടര്‍ന്നാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്‍റെ നിരന്തര സമ്മർദത്തിന്‍റെ ഫലമായി 2021 ജൂലൈയിൽ ഓഹരി തിരിച്ചുനൽകാൻ ഭെല്‍ തയ്യാറായി. അതോടെ കമ്പനി കേരള സര്‍ക്കാരിന്‍റെ കീഴിലുള്ള പൂർണ പൊതുമേഖലാസ്ഥാപനമായി മാറി.

ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി തൊഴില്‍ :113 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇവര്‍ക്ക് ഘട്ടം ഘട്ടമായി തൊഴില്‍ നല്‍കാനാണ് സര്‍ക്കാരിന്‍റെ തീരുമാനം. ചെറിയ തോതില്‍ മെഷീന്‍ ഉത്‌പാദന ഓഡര്‍ ഇപ്പോള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ മെഷീനുകള്‍ ഉദ്‌പാദനം തുടങ്ങിയ ശേഷം മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍ എന്നതാണ് നിലവിലെ തീരുമാനം.

ഭെല്ലിനെ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ :മൊഗ്രാൽ പുത്തൂർ ബദിരടുക്കത്ത് 11.5 ഏക്കറിലാണ്‌ ഫാക്‌ടറി സ്ഥാപിച്ചത്. 1990 ഓഗസ്റ്റില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്‌ സ്ഥാപനം ഉദ്‌ഘാടനം ചെയ്‌തത്‌. 2011 ൽ മഹാരത്‌ന കമ്പനിയായ ഭാരത്ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡുമായി (ഭെൽ) ലയിപ്പിച്ചു. റെയിൽവേയ്ക്കും പ്രതിരോധ വകുപ്പിനും ആവശ്യമായ ആൾട്ടർ മീറ്ററായിരുന്നു ഫാക്‌ടറിയില്‍ ഉത്പാദിപ്പിച്ചിരുന്നത്.

ഭെല്‍ കൈമാറുന്നതില്‍ തടസമില്ലെന്ന് പാർലമെന്‍റിലും പുറത്തും പറഞ്ഞ കേന്ദ്ര സർക്കാർ സ്ഥാപനം അടച്ചുപൂട്ടി രണ്ട് വര്‍ഷത്തിന് ശേഷമാണ് ഓഹരികള്‍ കൈമാറുന്നത്. കമ്പനി പുനരുദ്ധാരണത്തിനുള്ള 43 കോടിയും ബാധ്യതയായ 34 കോടിയും ചേർത്ത് 77 കോടി രൂപ ചെലവഴിച്ചാണ് സ്ഥാപനം സർക്കാർ ഏറ്റെടുത്തത്. അതേസമയം നവീകരണത്തിന് ആവശ്യമായ ഫണ്ട് കിട്ടാൻ വൈകിയതും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കരാർ ഒപ്പുവയ്ക്കുന്നതിലെ പ്രശ്‌നവും കാരണം ഫാക്‌ടറി പ്രവർത്തനം പുനരാരംഭിക്കുന്നത് വീണ്ടും നീണ്ടു.

ഒടുവിൽ കഴിഞ്ഞ മാർച്ച് 15ന് ഈ കരാർ ഒപ്പുവച്ചതോടെയാണ് കെൽ ഇഎംഎൽ എന്ന പേരിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിന് വഴി തുറന്നത്. സംസ്ഥാന സർക്കാർ ജില്ലയിൽ ആദ്യമായി തുടങ്ങിയ ഏക പൊതുമേഖല സ്ഥാപനം നഷ്ടപ്പെടുമെന്ന ആശങ്കയിലായിരുന്നു തൊഴിലാളികൾ‌. എന്നാൽ സംസ്ഥാന സർക്കാർ തന്നെ സ്ഥാപനം തിരികെ ഏറ്റെടുത്ത് സംരക്ഷിക്കാനും തുറന്നുപ്രവർത്തിക്കാനും തയാറായതോടെ തൊഴിലാളി സംഘടനകൾ കരുതലോടെയാണ് രംഗത്തുള്ളത്.

ABOUT THE AUTHOR

...view details