അധികൃതരുടെ അവഗണനയിൽ ദുരിത ജീവിതം കാസർകോട്:"ചില വീടുകൾ കാണുമ്പോൾ മക്കൾ പറയും ഇതുപോലെയുള്ള വീട് ഞങ്ങൾക്കും വേണം അമ്മേ എന്ന്, അപ്പോൾ സങ്കടം ഇരട്ടിയാകും" വിതുമ്പലോടെയാണ് ഗീത പറയുന്നത്. കണ്ട് നിൽക്കുന്നവരെ പോലും കരയിക്കുന്നതാണ് ഭീമനടിയിലെ ഗീതയുടെയും മക്കളുടെയും ദുരിത ജീവിതം.
ഷീറ്റും തുണിയും അങ്ങിങ്ങായി കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഒരു കൊച്ചു കുടിൽ. വാതിലോ വൈദ്യുതിയോ ശുചിമുറിയോ അടക്കം യാതാരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത കുടിലിലാണ് ഗീതയും രണ്ട് പെൺമക്കളും ജീവിക്കുന്നത്. കാസർകോട് ജില്ലയിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട കുറുഞ്ചേരിയിലാണ് ഗീതയും കുട്ടികളും താമസിക്കുന്നത്.
മഴക്കാലമായാൽ പേടിച്ച് വിറച്ചാണ് കഴിയുന്നത്. കാറ്റടിച്ചാൽ മേൽക്കൂര പറന്നുപോകും. കരച്ചിൽ അടക്കിപ്പിടിച്ച് ഗീത പറഞ്ഞൊപ്പിച്ചു... മരക്കൊമ്പ് കൊണ്ട് തീർത്ത മേൽക്കൂര ഷീറ്റ് കൊണ്ടാണ് മറച്ചിരിക്കുന്നത്. മൂത്ത കുട്ടി മൂന്നിലും ഇളയത് നഴ്‌സിറിയിലുമാണ് പഠിക്കുന്നത്. പരീക്ഷക്ക് മകൾ പഠിക്കാൻ പോകുന്നത് അടുത്ത വീട്ടിലാണ്. കുട്ടികളുടെ പുസ്‌തകങ്ങൾ വെക്കാൻ പോലും ഈ കൊച്ചു കുടിലിൽ സ്ഥലമില്ല.
വെള്ളം കൊണ്ടുവരണമെങ്കിൽ കിലോമീറ്റർ താണ്ടണം. ഭർത്താവ് മണികണ്‌ഠൻ കൂലിപ്പണി ചെയ്‌താണ് കുടുംബം മുന്നോട്ട് നയിക്കുന്നത്. ഇരുട്ടായാൽ കുടിലിലേക്ക് ഇഴ ജന്തുക്കൾ എത്തും. പെരുമ്പാമ്പ് വന്ന് പേടിച്ച കഥ പറയുമ്പോൾ ഗീതയുടെ കണ്ണിൽ ഭീതിയാണ്.
ഒരു വീടിനായി ലൈഫ് പദ്ധതി പ്രകാരം അപേക്ഷ നൽകി കാത്തിരിയ്ക്കുകയാണ് ഗീത തന്‍റെ കുടിലിന് മുന്നിൽ. നിരവധി തവണ ഗ്രാമസഭയിൽ ഒന്നാമത് എത്തിയാലും അവസാന നിമിഷം പിന്നോട്ട് പോകും. അടച്ചുറപ്പുള്ള ഒരു വീട് എന്ന ഇവരുടെ സ്വപ്‌നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.