കേരളം

kerala

ETV Bharat / state

അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിനൊരുങ്ങി ബേക്കല്‍; 24-ാം തിയതി തിരിതെളിയുക വൈവിധ്യക്കാഴ്‌ചകള്‍ക്ക് - കാസര്‍കോട്

കാസര്‍കോട് ബേക്കലില്‍ നടക്കുന്ന അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Bekal Fort  Bekal ready to international beach festival  Kasargod Bekal  international beach festival  ബീച്ച് ഫെസ്റ്റിവലിനൊരുങ്ങി ബേക്കല്‍  കാസർകോട് ഇന്നത്തെ വാർത്തകള്‍  kasargod todays news  ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ്  ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് കാസര്‍കോട്  അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍  കാസര്‍കോട്  international beach festival kasargod
ബീച്ച് ഫെസ്റ്റിവലിനൊരുങ്ങി ബേക്കല്‍

By

Published : Dec 21, 2022, 4:52 PM IST

സിഎച്ച് കുഞ്ഞമ്പു എംഎല്‍എ മാധ്യമങ്ങളോട്

കാസർകോട്: കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന് ബേക്കലിൽ 24ന് തുടക്കമാവും. 10 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ വൈവിധ്യമാര്‍ന്ന കാഴ്‌ചകളാണ് ജനങ്ങള്‍ക്കായി ഒരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷത്തിന് തിരിതെളിയിക്കും.

വ്യത്യസ്‌ത ഭാഷകളെയും സംസ്‌കാരത്തെയും ഒരുപോലെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്ന കാസര്‍കോടിന്‍റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതാകും ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ്. നൂറിന്‍ സിസ്റ്റേഴ്‌സ്, സിത്താര, ശബ്‌നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസി തുടങ്ങിയവര്‍ കലയുടെ വര്‍ണ പ്രപഞ്ചം തീര്‍ക്കും. റോബോട്ടിക് ഷോ, പുഷ്‌പപ്രദര്‍ശനം, ഗ്രാന്‍ഡ് കാര്‍ണിവല്‍, വാട്ടര്‍സ്‌പോട്ട്, ഹെലികോപ്റ്റര്‍ റൈഡ്, ഫ്ലവര്‍ ഷോ, കള്‍ച്ചറല്‍ ഷോ സാന്‍ഡ് ആര്‍ട്ട് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന മായിക കാഴ്‌ചകളാണ് ബേക്കല്‍ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് ഇന്ത്യയിലെമ്പാടുമുള്ള സഞ്ചാരികള്‍ക്കായി കരുതി വച്ചിരിക്കുന്നത്. കലാസാംസ്‌കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികള്‍, ഫുഡ്‌ ഫെസ്റ്റിവല്‍ എന്നിവ കാഴ്‌ചക്കാരുടെ മനംകവരും.

പരിപാടികള്‍ മൂന്നുവേദികളിലായി:വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച ബീച്ച് സ്പോര്‍ട്‌സാണ് മേളയുടെ പ്രധാന ആകര്‍ഷണം. അഞ്ച് ലക്ഷം പേരെ പ്രതീക്ഷിക്കുന്ന പരിപാടിയ്‌ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രഗിരി, തേജസ്വിനി, പയസ്വിനി എന്നീ മൂന്ന് വേദികളിലായാണ് പരിപാടികൾ അരങ്ങേറുക. പ്രധാന വേദിയായ ചന്ദ്രഗിരിയിൽ ദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും തേജസ്വിനിയിൽ കുടുംബശ്രീ പ്രവർത്തകരുടെ പരിപാടികളും പയസ്വിനിയിൽ ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തെരഞ്ഞെടുത്ത പരമ്പരാഗത തനത് കലാരൂപങ്ങളും ഒരേസമയം അരങ്ങേറും.

പ്രധാന വേദിയിൽ പരിപാടികൾ തുടങ്ങുന്നതിന് മുന്നോടിയായി രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സാംസ്‌കാരിക പ്രഭാഷണങ്ങളുമുണ്ടാവും. ഇതുവരെ രണ്ടര ലക്ഷത്തോളം ടിക്കറ്റുകൾ വില്‍പന നടത്തിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടികൾ അരങ്ങേറുക. ബേക്കലിന്‍റെ കടൽത്തീരമുൾപ്പെടെ 50 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫെസ്റ്റ് നടത്തുക. സ്വകാര്യ വ്യക്തികളുടെ സഹകരണത്തോടെ 25 ഏക്കർ ഭൂമി പാർക്കിങ്ങിനായും ഒരുക്കിയിട്ടുണ്ട്. അഞ്ചുകോടി രൂപ മുതൽ മുടക്കിൽ നടത്തുന്ന വികസന പരിപാടിയിൽ, കേരള സർക്കാർ 10 ലക്ഷം രൂപയും, സ്വകാര്യ കമ്പനിയായ ആസ്‌മി ഹോളിഡേയ്‌സ് 26 ലക്ഷം രൂപയും ഇതുവരെ ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ച 80 ലക്ഷം രൂപയും 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് മുഖേനയും, തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന 25 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട്. ഒന്നേകാൽ കോടി രൂപയോളം ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ആകര്‍ഷകമേകാന്‍ പ്രദര്‍ശനങ്ങള്‍:കലാപരിപാടികളും സാഹസിക വിനോദ റൈഡുകളും പ്രദര്‍ശനങ്ങളും ഉള്‍പ്പടെ നിരവധി പരിപാടികള്‍ അരങ്ങേറും. 200ലധികം സ്റ്റാളുകളാണ് മേളയെ ആകര്‍ഷകമാക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി നവോഥാന ചിത്രമതിലും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെ ആകർഷിപ്പിക്കാനായി ബേക്കൽ ബീച്ചിലെ ആകാശത്ത് വർണ വിസ്‌മയങ്ങളൊരുക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ അടങ്ങുന്ന പട്ടം പറത്തൽ മേളയും സംഘടിപ്പിക്കും. കാസര്‍കോടിന്‍റെ രുചിപ്പെരുമ അടയാളപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകര്‍ഷണം. കൂടാതെ ഫെസ്റ്റില്‍ കാസര്‍കോടിന്‍റെ സംസ്‌കാരം, ചരിത്രം, രുചികള്‍ എന്നിവയും സന്ദര്‍ശകര്‍ക്ക് പകര്‍ന്നുനല്‍കും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും.

പകല്‍ നേരങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിംപോസിയങ്ങളും ഉണ്ടാകും. വിനോദ സഞ്ചാരഭൂപടത്തില്‍ കീര്‍ത്തി കേട്ട കാസര്‍കോടിന്‍റെ ബേക്കല്‍ കോട്ട പ്രധാന ആകര്‍ഷണമാകും. ഫെസ്റ്റിവല്‍ ദിനങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ബേക്കല്‍ കോട്ട വൈദ്യുതാലങ്കാരങ്ങളാല്‍ തിളങ്ങി നില്‍ക്കുന്നത് മനോഹര കാഴ്‌ച സമ്മാനിക്കും. ഫെസ്റ്റിനെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കാസര്‍കോടിന്‍റെ തനത് കലാരൂപങ്ങള്‍ അനുഭവവേദ്യമാക്കുന്ന തരത്തില്‍ പ്രത്യേക പാക്കേജുകളും ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'യാത്രാശ്രീ' എന്ന പേരിലാണ് പാക്കേജുകള്‍ ഒരുക്കുന്നത്. കാസർകോടിന്‍റെ വൈവിധ്യം വിളിച്ചോതുന്ന തെയ്യം, അലാമിക്കളി, യക്ഷഗാനം, പരമ്പരാഗത ഭക്ഷണങ്ങള്‍ തുടങ്ങിയവ കൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പാക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ടിക്കറ്റ് വില്‍പന കുടുംബശ്രീ വഴി:ബേക്കല്‍ പാര്‍ക്കിലെ വിശാലമായ പുല്‍ത്തകിടിയില്‍ സജ്ജമാക്കുന്ന കൂറ്റന്‍ സ്റ്റേജിലാണ് കലാസ്വാദനത്തിനുള്ള വേദിയൊരുങ്ങുന്നത്. പ്രശസ്‌ത കലാസംഘങ്ങളുടെ പരിപാടികളാണ് 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്‌ദവും വെളിച്ചവും വൈവിധ്യപൂര്‍ണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്‌ളാദത്തിന്‍റെയും ആവേശത്തിന്‍റെയും കൊടുമുടിയില്‍ എത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയില്‍ നടക്കുന്നത്. കുടുംബശ്രീ വഴിയാണ് ഫെസ്റ്റിവല്‍ ടിക്കറ്റുകളുടെ വില്‍പന. സഹകരണ ബാങ്കുകള്‍ വഴിയും ടിക്കറ്റ് വില്‍പനയുണ്ട്. ക്യു ആര്‍ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റല്‍ ടിക്കറ്റുകളാണ് വിതരണം ചെയ്യുക.

ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് യഥാക്രമം 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയുമാണ് ഈടാക്കുക. ഉപയോഗിച്ച ടിക്കറ്റുകൾക്കു ദിവസേന ലക്കി ട്രൗ കോണ്ടെസ്റ്റ് വഴി സ്വർണനാണയം ലഭിക്കും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുടുംബശ്രീ, അസ്‌മി ഹോളിഡേയ്‌സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ബേക്കല്‍ റിസോര്‍ട്ട്സ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (ബിആര്‍ഡിസി) ആണ് ബേക്കല്‍ ഇന്‍റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details