കേരളം

kerala

ETV Bharat / state

പ്രായം തളർത്താത്ത ചെറുപ്പത്തിന്‍റെ ചുറുചുറുക്കിൽ ശാരദ ട്രാക്കിൽ - athlete

കായികമേഖലയിൽ നേട്ടങ്ങൾ കൊയ്യാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് കാസർഗോഡ് കാറഡുക്കയിലെ വീട്ടമ്മ. സിംഗപ്പൂരിൽ വച്ച് നടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് 55 കാരിയായ ശാരദ ഇപ്പോൾ.

പ്രായം തളർത്താത്ത ചെറുപ്പത്തിന്‍റെ ചുറുചുറുക്കിൽ ശാരദ ട്രാക്കിൽ

By

Published : Mar 26, 2019, 6:38 AM IST

Updated : Mar 26, 2019, 6:44 AM IST

പ്രായം 50 കഴിഞ്ഞെങ്കിലും ചെറുപ്പത്തിന്‍റെ ചുറുചുറുക്കിലാണ് ശാരദ ട്രാക്കിൽ ഇറങ്ങുന്നത്. കുട്ടിക്കാലത്തെ കായിക മത്സരങ്ങളിൽ പങ്കെടുത്തതൊഴിച്ചാൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ ട്രാക്കിന്‍റെ പരിസരത്തു പോലും ഉണ്ടായിരുന്നില്ല. എന്നാൽ തൊഴിലുറപ്പ് ജോലിയും കൃഷിയുമെല്ലാമായി കഴിയുന്ന കാരടുക്കയിലെശാരദ ഇന്ന് ഉറച്ച ചുവടുകളുമായി ട്രാക്കിൽ നിന്നും മെഡലുകൾ വരിക്കൂട്ടുകയാണ്.

അതിരാവിലെ ഉള്ള നടത്തമാണ് ശാരദയിലെ കായികതാരത്തെ ഉണർത്തിയത്. മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിലാണ് ശാരദയുടെ നേട്ടങ്ങൾ ഓരോന്നും. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന ദേശീയ മത്സരത്തിൽ 800 മീറ്റർ ഓട്ടത്തിലും 5 കിലോമീറ്റർ നടത്തത്തിൽ വ്യക്തിഗത സ്വർണ്ണം ശാരദ നേടി. 400 മീറ്റർ ഓട്ടത്തിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ ശാരദ 100, 400 മീറ്റർ റിലേയിൽ സ്വർണം നേടിയ കേരള ടീമിലും അംഗമായിരുന്നു. ഇനി ലക്ഷ്യം സിംഗപ്പൂരിൽ വെച്ച് നടക്കുന്ന ഏഷ്യൻ മീറ്റ്.

കഴിഞ്ഞവർഷം ചൈനയിലെ ഗാൻഷുവിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിലും ഇന്ത്യക്കായി ശാരദ ട്രാക്കിലിറങ്ങി. പ്രായം തളർത്താത്ത മനസ്സും ശരീരവും ഉണ്ടെങ്കിൽ ആർക്കും നേട്ടങ്ങൾ സ്വന്തമാക്കാമെന്ന് ശാരദ സ്വന്തം അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

കല്യാണം കഴിഞ്ഞാൽ അടുക്കളയിൽ ഒതുങ്ങി കഴിയുന്നവരാണ് അധികവും. എന്നാലിവിടെ ശാരദയ്ക്ക് പിന്തുണയുമായി ഭർത്താവ് ശ്രീധരനുമുണ്ട്. വോളി ബോൾ താരം കൂടിയായ ശ്രീധരനും ത്രോ ഇനങ്ങളിൽ മാസ്റ്റേഴ്സ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കുടുംബത്തിന്‍റെ പൂർണ പിന്തുണയുണ്ടെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തികം കണ്ടെത്തുകയെന്നതാണ് ഈ കായിക താരത്തിന്‍റെ ട്രാക്കിലെ പ്രധാന വെല്ലുവിളി. എങ്കിലും ലക്ഷ്യമുണ്ടെങ്കിൽ അത് നേടാൻ സാധിക്കുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ്.

പ്രായം തളർത്താത്ത മനസ്സുണ്ടെങ്കിൽ ഏതു ലക്ഷ്യത്തിലേക്കും ഓടിക്കയറാമെന്ന് തെളിയിക്കുകയാണ് ശാരദ. അടുക്കളയിൽ ഒതുങ്ങിക്കൂടുന്നവർക്ക് പ്രചോദനമാണ് ഇന്ന് ഈ വീട്ടമ്മ.

പ്രായം തളർത്താത്തചെറുപ്പത്തിന്‍റെചുറുചുറുക്കിൽ ശാരദ ട്രാക്കിൽ

.

Last Updated : Mar 26, 2019, 6:44 AM IST

ABOUT THE AUTHOR

...view details