കേരളം

kerala

ETV Bharat / state

കാസർകോട് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

കൊവിഡ് രോഗവ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം

Covid  kasarcode tourism place restriction  കാസർകോട് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി  കാസർകോട്
കാസർകോട് പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

By

Published : Nov 28, 2020, 10:20 PM IST

കാസർകോട്: കൊവിഡ് രോഗവ്യാപനത്തിന്‍റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിരോധനാജ്ഞ പിന്‍വലിച്ചതും മംഗലാപുരത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പുനരാരംഭിച്ചതും സെക്‌ടറല്‍ മജിസ്‌ട്രേറ്റുമാരുടെ സേവനം അവസാനിപ്പിച്ചതും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിലവിലെ സാഹചര്യത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. ഇത് പരിഗണിച്ചാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ആരോഗ്യം, റവന്യൂ, പൊലീസ്, പഞ്ചായത്ത് വിഭാഗങ്ങള്‍ക്കാണ് നിയന്ത്രണ ചുമതല. ചെമ്പരിക്ക, ബേക്കല്‍, പള്ളിക്കര, വലിയപറമ്പ്, കാപ്പില്‍, അഴിത്തല, കീഴൂര്‍ ബീച്ചുകളിലും റാണിപുരം ഹില്‍ സ്‌റ്റേഷനിലും ആള്‍ക്കൂട്ടം നിയന്ത്രിക്കാനും ബീച്ചുകളിലേക്കുള്ള അനധികൃത വഴികള്‍ അടച്ച് സന്ദര്‍ശന സമയം ഒരു മണിക്കൂറായി പരിമിതപ്പെടുത്തുവാനുമാണ് തീരുമാനം. ചെമ്പരിക്ക ബീച്ചില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് ബീച്ചിലേക്കുള്ള അനധികൃത പ്രവേശനം തടയും. പ്രധാന വഴിയിലൂടെ മാത്രമായിരിക്കും ബീച്ചിലേക്ക് പ്രവേശനാനുമതി. ഒരു സമയം പരമാവധി 50 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. പള്ളിക്കര ബീച്ചിലും ബേക്കല്‍ കോട്ടയിലും ഒരു ദിവസം പരമാവധി 1000 പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക.

ബേക്കല്‍ കോട്ടയില്‍ പാസ് വിതരണം ചെയ്ത് പ്രവേശനം നല്‍കുകയും പരമാവധി എണ്ണം കഴിയുമ്പോള്‍ ഹൗസ് ഫുള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്യും. വലിയ പറമ്പ ബീച്ചിനോട് ചേര്‍ന്ന രണ്ട് പാലങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഒരേ സമയം 300 സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളൂ. കാപ്പില്‍ ബീച്ചിലും ബാരിക്കേഡ് വച്ച് സഞ്ചാരികളെ നിയന്ത്രിക്കും. അഴിത്തലയിലെ സഞ്ചാരികളുടെ നിയന്ത്രണ ചുമതല കോസ്‌റ്റല്‍ പൊലീസിനെ ഏല്‍പ്പിച്ചു. റാണിപുരത്ത് പള്ളിക്ക് സമീപം ബാരിക്കേഡ് സ്ഥാപിച്ച് സഞ്ചാരികളെ നിയന്ത്രിക്കും. പരമാവധി 400 പേരെയാണ് ഒരു ദിവസം അനുവദിക്കുക.

റാണിപുരത്ത് ഡിസംബര്‍ മാസം മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നിലവില്‍ വരും. ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പിന്‍റെ കിയോസ്‌ക്കുകള്‍ സ്ഥാപിച്ച് ആന്‍റിജെന്‍ ടെസ്റ്റ് നടത്തും. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വോളണ്ടിയര്‍മാരെ നിയോഗിച്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ വിവരങ്ങള്‍ സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കുകയും സഞ്ചാരികളെ നിയന്ത്രിക്കുകയും ചെയ്യും.

ABOUT THE AUTHOR

...view details