കാസർകോട് :ടാറ്റ ഗ്രൂപ്പ് നിർമിച്ച് നൽകിയ ടാറ്റ ട്രസ്റ്റ് ഗവ. ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കുന്നു (Tata Covid Hospital in Kasaragod will be constructed as a critical care unit). ട്രോമ കെയർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെയുണ്ടാകും. ഒരു കാലത്ത് ജനങ്ങളുടെ ആശ്രയമായിരുന്ന ഈ ആശുപത്രി ഉപയോഗശൂന്യമായി നശിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കി മാറ്റാൻ തീരുമാനമായത്.
അതിതീവ്ര പരിചരണ ആശുപത്രിയുടെ പണി ഒരു വർഷത്തിനകം പൂർത്തിയാക്കും. 50 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള രീതിയിലാണ് മാറ്റുക. ക്രിട്ടിക്കല്‍ കെയര്‍ ആശുപത്രിക്കായി പിഎം അഭിയാന്‍ പദ്ധതിയില്‍ നിന്ന് 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ അനുവദിച്ച പത്ത് കോടി രൂപയും ഇതിനായി ഉപയോഗപ്പെടുത്തും.
ഇത് സംബന്ധിച്ച് സി എച്ച് കുഞ്ഞമ്പു എംഎൽഎയുടെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. കാസർകോട് ജില്ല ആശുപത്രിയുടെ അനുബന്ധമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ ചുമതല ജില്ല പഞ്ചായത്തിനായിരിക്കും. ആശുപത്രി കെട്ടിട നിർമാണം തുടങ്ങുന്നതിന്‍റെ പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്‌തു.